പ്രതീകാത്മക ചിത്രം
തൊടുപുഴ:പുതിയ ജില്ലകളും താലൂക്കുകളും ആരംഭിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഡി ലിമിറ്റേഷന്‍ കമ്മീഷന് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ജില്ലാ രൂപീകരണ ചര്‍ച്ച സജീവമാകുന്നു. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ ചടങ്ങിനിടെയാണ് മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല എന്ന നിര്‍ദേശം ഉയര്‍ന്നത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം , പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില ഭാഗങ്ങളും ഇടുക്കി ജില്ലയിലെ ദേവികുളം, തൊടുപുഴ മണ്ഡലങ്ങളും ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ 1982ലാണ് ഇത്തരമൊരു നിര്‍ദേശം ആദ്യമായി ഉയര്‍ന്നത്.
എന്നാല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ മണ്ഡലം മൂവാറ്റുപുഴ ജില്ലയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ത്തന്നെ തൊടുപുഴ മണ്ഡലം നില നിര്‍ത്തണമെന്ന അഭിപ്രായം രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
മൂവാറ്റുപുഴ ജില്ലയോട് ചേര്‍ന്നാല്‍ തൊടുപുഴയുടെ വികസനത്തിന് ഗുണകരമാകുമോ എന്ന ചിന്തയാണ് ഇതിനു പിന്നിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂവാറ്റുപുഴ ജില്ലയോട് തൊടുപുഴ മണ്ഡലത്തെ ചേര്‍ത്താല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ജില്ലാ ഓഫീസുകള്‍ ഇവിടെനിന്നു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലാണുള്ളത്.
സര്‍ക്കാര്‍ ഓഫീസുകളും അര്‍ധസര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ ജില്ലാ ഓഫീസുകള്‍ ഇവിടെനിന്ന് ഇടുക്കിക്കും മൂവാറ്റുപുഴയ്ക്കും മാറ്റേണ്ടിവരുന്ന സാഹചര്യമുണ്ടാകും. ഇത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കാനും സാധ്യതയുണ്ട്.
തൊടുപുഴ മണ്ഡലത്തിന്റെ കാര്യത്തില്‍ യുഡിഎഫ് ജില്ലാ നേതൃത്വം എടുക്കുന്ന തീരുമാനമാകും നിര്‍ണായകമാകുക.