പെരിന്തൽമണ്ണ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 38 വോട്ടിന്റെ ഉദ്വേഗജനകമായ വിജയത്തിന് ശേഷം രണ്ടാം അങ്കത്തിനിറങ്ങിയ നജീബ് കാന്തപുരത്തിന് പെരിന്തൽമണ്ണയിൽ അവിശ്വസനീയമായ റിക്കാർഡ് ഭൂരിപക്ഷം. അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വോട്ടർമാർ സമ്മാനിച്ച 32,431 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയക്കൊടി പാറിച്ചത്. മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വ്യക്തമായ മേധാവിത്വം ഉറപ്പിച്ചാണ് നജീബ് കാന്തപുരം നിയമസഭയിലേക്ക് വീണ്ടും പ്രവേശിക്കുന്നത്.
താഴേക്കോട് (7917), ആലിപ്പറന്പ് (6527), പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി (5296), വെട്ടത്തൂർ (5182), മേലാറ്റൂർ (4907) എന്നിവിടങ്ങളിൽ വൻ ലീഡ് നേടിയപ്പോൾ ഏലംകുളം(2045), പുലാമന്തോൾ(813) പഞ്ചായത്തുകളിലും യുഡിഎഫ് കരുത്തുതെളിയിച്ചു.
കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള സ്നേഹവും അംഗീകാരവുമാണ് ഈ വൻ വിജയമെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു.മണ്ഡലത്തിൽ നേടിയ മിന്നുന്ന വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവർത്തകർ പെരിന്തൽമണ്ണ നഗരത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി.