പെരിന്തൽമണ്ണ: വളളുവനാടൻ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ പങ്കാളിത്തത്തോടെ നൽകുന്ന ഈവർഷത്തെ നന്തനാർ സാഹിത്യ പുരസ്കാരത്തിന് സോണിയ ചെറിയാന്റെ "സ്നോലോട്ടസ്’ എന്ന നോവൽ തെരഞ്ഞെടുത്തു.
നന്തനാരുടെ സ്മരണാർഥം തുടക്കക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2016ൽ ആരംഭിച്ച സാഹിത്യ പുരസ്കാരം തുടർച്ചയായി പതിനൊന്നാം വർഷമാണ് നൽകുന്നത്. ചെറുകഥ, നോവൽ, ബാലസാഹിത്യം എന്നീ ക്രമത്തിലാണ് പുരസ്കാരം നൽകിവരുന്നത്.
പ്രമേയത്തിലും ആഖ്യാനത്തിലും ഭാഷയിലും സ്വീകരിച്ച വ്യത്യസ്തതയ്ക്കു പുറമേ പുതിയ പ്രകൃതിയും ഭൂമിശാസ്ത്രവുമെല്ലാം നോവലിലിന്റെ പ്രതിയേകതയാണ്.
മലയാള നോവലിൽ പുതുമയുള്ള കഥയും വ്യാഖ്യാനത്തിൽ സ്വീകരിച്ച ഏകാഗ്രതയും ഈ നോവലിനെ നന്തനാർ സാഹിത്യ പുരസ്കാരത്തിന് അർഹമാക്കുന്നുവെന്ന് ജൂറി കമ്മിറ്റി വിലയിരുത്തി. ഡോ. പി. ഗീത, ഡോ. എൻ.പി. വിജയകൃഷ്ണൻ, പി.എസ്. വിജയകുമാർ എന്നിവരായിരുന്നു ജൂറി കമ്മിറ്റി.
ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച് ലെഫ്റ്റനന്റ് കേണൽ റാങ്കിൽ വിരമിച്ച സോണിയ ചെറിയാൻ കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ സ്വദേശിനിയാണ്. മേയ് 17ന് വൈകുന്നേരം നാലിന് അങ്ങാടിപ്പുറം തരകൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നന്തനാർ അനുസ്മരണ സമ്മേളനത്തിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി പുരസ്കാരം സോണിയ ചെറിയാന് കൈമാറും.
Tags : nattu vishesham Nandanar Literary Award Sonia Cherian