പാലക്കാട്: തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീമിഷൻ കേരളത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ്മേളയ്ക്ക് ചാലിശേരിയൊരുങ്ങി. നാളെമുതൽ 11 വരെ ചാലിശേരി മുലയംപറന്പ് മൈതാനത്തും സമീപത്തും ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്.
ദേശീയ സരസ്മേളയുടെ ഉദ്ഘാടന സമ്മേളനം നാളെ വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ വിശിഷ്ടാതിഥിയാകും.
മന്ത്രി കെ. കൃഷ്ണൻകുട്ടി, എംപിമാരായ അബ്ദുൾ സമദ് സമദാനി, വി.കെ. ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളാകും. സരസ്മേളയുടെ വരവറിയിച്ച് ഉച്ചയ്ക്ക് രണ്ടിന് വിളംബര ഘോഷയാത്ര നടക്കും.
വാദ്യഘോഷ അകന്പടിയോടെ ചാലിശേരി അൻസാരി കണ്വൻഷൻ സെന്ററിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരക്കും. വിവിധ സി ഡിഎസ് അംഗങ്ങളുടെ നാടൻ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും.
ചരിത്രത്തിലാദ്യമായി
ദേശീയ സരസ്മേള പാലക്കാട്
ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ്മേളയ്ക്ക് ജില്ല ആതിഥേയത്വം വഹിക്കുന്നത്.
കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 250 പ്രദർശന വിപണന സ്റ്റാളുകളിൽ കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടക്കും.
കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളന്പുന്ന 30 ലധികം സ്റ്റാളുകൾ അടങ്ങുന്ന മെഗാ ഇന്ത്യൻ ഫുഡ്കോർട്ട്, പ്രശസ്തമായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്തനിശകൾ പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാവിഷ്ക്കാരങ്ങൾ, തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരസന്ധ്യകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പുഷ്പമേള, ഹാപ്പിനെസ് കോർണർ തുടങ്ങിയവയെല്ലാം മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വിവിധ ദിവസങ്ങളിലെ സാംസ്കാരിക സമ്മേളനങ്ങൾ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, സജി ചെറിയാൻ, ആർ. ബിന്ദു, പി. രാജീവ്, പി. പ്രസാദ്, വി. അബ്ദുറഹിമാൻ എന്നിവർ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളന ഉദ്ഘാടനം 11 ന് വൈകുന്നേരം ആറിന്് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
കെ. രാധാകൃഷ്ണൻ എംപി, സിനിമാതാരം മഞ്ജു വാരിയർ എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെയും സമീപ ജില്ലയിലെയും എംഎൽഎമാർ വിവിധ ദിവസങ്ങളിലായി മേളയിൽ പങ്കെടുക്കും.
സാംസ്കാരിക
വിരുന്നൊരുക്കും
സരസ്മേളയുടെ ഭാഗമായി മുലയംപറന്പ് മൈതാനത്ത് സാംസ്കാരിക വിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രധാനവേദിയുൾപ്പെടെ മൂന്ന് വേദികളാണ് മേളയ്ക്ക് ഒരുക്കിയിട്ടുള്ളത്.
മേളയ്ക്ക് മുന്നോടിയായി ഇന്ന് വൈകുന്നേരം ആറിന്് വയലിൻ മ്യൂസിക് ബാൻഡ് ഷോയും 7.30 ന് ഉറവ് പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടും ഉണ്ടാകും.
തുടർന്നുള്ള ദിവസങ്ങളിലും വിവിധ പരിപാടികൾ നടക്കും. സരസ് മേളയുടെ ഭാഗമായി സമ്മാനക്കൂപ്പണിലൂടെ നിരവധി സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.
Tags : National Conference nattuvishasham local news