പ്രതീകാത്മക ചിത്രം
കോട്ടയം: എല്‍പി, യുപി ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ ഗണിതം, മലയാളം, ഇംഗ്ലീഷ് പഠനങ്ങളിലുള്ള വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പു നടപ്പാക്കുന്ന നവജീവനം (റിവൈവ്) പദ്ധതിക്ക് ജില്ലയില്‍ ഉടന്‍ തുടക്കമാകും. പാഠപുസ്തകങ്ങളും അധ്യാപന-പഠന സഹായികളും അടിസ്ഥാനമാക്കിയാണ് പദ്ധതി. ഓരോ വിദ്യാര്‍ഥിയുടെയും ന്യൂനത കണ്ടെത്തി ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കും. നിശ്ചിത കാലയളവില്‍ അതു പൂര്‍ത്തീകരിച്ച് രണ്ടാംപാദവാര്‍ഷിക പരീക്ഷയില്‍ തന്നെ ഈ പ്രയത്നങ്ങളുടെ ഫലം പ്രകടമാക്കുന്ന തരത്തിലാണ് പദ്ധതി. ഇതിനായി ജില്ലാതലത്തിൽ റിസോഴ്സ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു വരികയാണ്.
ജില്ലയില്‍നിന്ന് ചുരുങ്ങിയത് 100 അധ്യാപകരെ (എല്‍പി 50, യുപി 50) ഉള്‍പ്പെടുത്തി ഇവരുടെ സേവനം ബിആര്‍സികള്‍ കേന്ദ്രീകരിച്ച് സ്കൂളുകളില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമം. ഇവര്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. പാഠപുസ്തകത്തോടൊപ്പം ചേര്‍ന്നുപോകുന്ന വര്‍ക്ക്ഷീറ്റുകളും കുട്ടികള്‍ക്ക് നല്‍കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സമഗ്രശിക്ഷാ കേരളം പദ്ധതിക്കാണ് നടത്തിപ്പു ചുമതല. സര്‍ക്കുലര്‍ ലഭിക്കുന്നതനുസരിച്ചു ജില്ലയില്‍ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.
പഠനത്തിനു പുതിയ രീതി
ശിശുസൗഹൃദവും ആഹ്ലാദകരവുമായ അന്തരീക്ഷം ഒരുക്കി നൂതന സാങ്കേതികവിദ്യയിലൂടെ മുഴുവന്‍ കുട്ടികളെയും എഴുത്തിനും വായനയ്ക്കും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കൃത്യമായ മേല്‍നോട്ടത്തിലുടെ പഠന പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ് കുട്ടിയെ നന്നായി അറിയുന്നതിനായി വിലയിരുത്തല്‍ നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
യുപി ക്ലാസുകളില്‍ പല വിദ്യാര്‍ഥികള്‍ക്കും ഗണിതം ബാലികേറാമലയാണ്. പുതിയ രീതിയിലൂടെ വിദ്യാര്‍ഥികളെ ഗണിത പഠനത്തിലേക്കു ആകര്‍ഷിക്കാം. ഇതിനനുസരിച്ചു ക്ലാസ്റൂം പ്രക്രിയയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അധ്യാപകരെ ബോധ്യപ്പെടുത്തും. ഗണനചിന്തയിലേക്ക് കുട്ടിയെ നയിക്കുന്ന രീതിയിൽ ഗണിതപഠന ക്ലാസ്റൂം ക്രമീകരിക്കും. ഇക്കാര്യങ്ങള്‍ അധ്യാപകരെയും ബോധ്യപ്പെടുത്തുകയും അവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.