പ്രതീകാത്മക ചിത്രം
എരുമേലി: ഒരു ഡോക്ടർ, ഒരു നഴ്സ്, ഒരു അറ്റൻഡർ, ഫാർമസിയില്ല. ഇത് പ്രതിദിനം നൂറുകണക്കിന് രോഗികളെത്തുന്ന എരുമേലി സർക്കാർ ആശുപത്രിയിലെ രാത്രിയിലെ സ്ഥിതി.
അടിയന്തര വൈദ്യ സഹായം നൽകേണ്ട സാഹചര്യത്തിൽ മറ്റു രോഗികളെ നോക്കിക്കൊണ്ടിരിക്കുന്ന ഡോക്ടർ തന്നെ അവരെ വിട്ട് ഓടി എത്തണം. മറ്റ് അടിയന്തര ജോലികളിലുള്ള നഴ്സും അറ്റൻഡറും ചെയ്തുകൊണ്ടിരിക്കുന്ന ജോലി വിട്ട് എത്തണം. ഫലത്തിൽ ആർക്കും വേണ്ടചികിത്സ സമയത്തിന് കിട്ടാതെ വരുന്നു. രാത്രി സമയത്ത് ഫാർമസി ഇല്ലാത്തതിനാൽ ആ സമയത്തേക്കുള്ള മരുന്നുകൾ മാത്രമേ നൽകാറുള്ളു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്തിലെ പ്രധാന ആതുരാലയത്തിലെ സ്ഥിതിയാണിത്.
രാത്രിയിൽ എത്തുന്ന രോഗികളുടെ സ്ഥിതി നോക്കി താലൂക്ക് ആശുപത്രിയിലേക്കോ മെഡിക്കൽ കോളജിലേക്കോ പറഞ്ഞയക്കാൻ മാത്രമേ ഇവിടുത്തെ ഡോക്ടർക്കാവുകയുള്ളു. മതിയായ കെട്ടിട സൗകര്യങ്ങളടക്കം ഉണ്ടെങ്കിലും അതത് മേഖലകളിൽ പരിമിതമായി മാത്രം ജീവനക്കാരാണ് ഉള്ളത്. ഇത് ക്ഷീണിതാവസ്ഥയിലുള്ള രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ദിവസേന അറുനൂറോളം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.മതിയായ പരിശോധനാ സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.