വിഴിഞ്ഞം: രാഷ്ട്രീയ വിവാദങ്ങളിലും കുലുങ്ങാതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നേരത്തെ സർക്കാരിന് നൽകിയ ഉറപ്പു പാലിക്കാൻ തക്ക രീതിയിൽ കടലിലെ നിർമാണ പ്രവർത്തനത്തിനു വേഗം കൂട്ടാനുള്ള തീരുമാനത്തിലാണ് അധികൃതർ. എംഎസ്സിയുമായുള്ള കരാറിനെച്ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും പുകയുമ്പോഴും അതിൽ ഇടപെടാതെ ഒഴിഞ്ഞ് നിൽക്കുകയാണ് കമ്പനി. സർക്കാരിന്റെ വകയായ വിഴിഞ്ഞത്തെ കടലിലും കരയിലും എന്തു നടത്തണമെന്ന് തീരുമാനിക്കേണ്ട അധികാരം സർക്കാരിനാണ്.തുറമുഖം നിർമിച്ചു കരാറിൽ പറയുന്ന കാലയളവിലെ നിയന്ത്രണവും മേൽനോട്ടവും മാത്രമാണ് അദാനിക്കുള്ളത്.
കരാർ കാലാവധി കഴിഞ്ഞാൽ സർക്കാരിനു തിരിച്ചു നൽകേണ്ട തുറമുഖത്തിന്റെ വികസനകാര്യം തീരുമാനിക്കേണ്ടത് സർക്കാർ ആയിരിക്കുമെന്നാണ് തുറമുഖ അധികൃതർപറയുന്നത്. എന്നാൽ തുറമുഖ ഓപ്പറേഷൻ കാലയളവിൽ കൂടുതൽ നിക്ഷേപത്തിന്റെ ആവശ്യമായതിനാൽ പാർട്ണർമാ രുടെ സഹായം വേണ്ടിവരും.
എല്ലാത്തരം നിർമാണങ്ങളും പൂർത്തിയാക്കണമെങ്കിൽ 15,000 മുതൽ 25,000 ത്തോളം കോടി രൂപയാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്. കൂടാതെപ്രവർത്തനം തുടങ്ങി ഒരു വർഷത്തിനു ശേഷം 74 ശതമാനം വരെ ഓഹരിക്കൈമാറ്റം നടത്താമെന്നാണ് വ്യവസ്ഥയെങ്കിലും മേൽനോട്ടാധികാരം അദാനിയുടെ കൈയിൽ നിലനിർത്താനുള്ള തീരുമാനത്തിലാണ് അധികൃതർ.
എംഎസ്സിയുമായി ഇപ്പോൾ നടന്നത് വെറും പ്രാഥമികചർച്ചകൾ മാത്രമാണെന്നും സെബിക്ക് കത്തു നൽകിയ ശേഷം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമെ കരാർ ഒപ്പുവയ്ക്കാനാകുവെന്നും ബന്ധപ്പെട്ടവർ പറയുന്നു. ബിസിനസ് പങ്കാളിയായി എംഎസ്സി വന്നാലും കപ്പൽ വരവിനും ബർത്തിൽ അടുപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പകരം വികസന പുരോഗതിക്കുതകുമെന്നാണ് അധികൃതർ പറയുന്നത്.
കടലിലെ നിർമാണ പുരോഗതിക്കൊപ്പം തുറമുഖ അധികൃതരുടെ ഉത്തരവാദിത്വത്തിൽ അനുബന്ധ വികസനമായ വെയർഹൗസുകളും ലോജിസ്റ്റിക്കൽ പാർക്കുകളും കണ്ടെയ്നർ യാർഡുകളും എല്ലാം കരയിലും വരേണ്ടതുണ്ട്. ഇവയ്ക്കായി ചെലവഴിക്കുന്നതിനുവേണ്ട അധിക പണം കണ്ടെത്താൻ പാർട്ട്ണർമാരുടെ ഷെയർ വേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു.
എംഎസ്സിയുടെ പേരിൽ കരയിൽ വിവാദങ്ങൾ നടക്കുമ്പോഴും എംഎസ്സിയുടെ കപ്പൽ വരവിനു ഒരു കുറവുമുണ്ടായില്ല. 2024 മുതൽ ഇതു വരെയെത്തിയ 1100 ഓളം കപ്പലുകളിൽ 99 ശതമാനവും എംഎസ്സി കന്പനിയുടേതായിരുന്നു. എല്ലാ ദിവസവും രണ്ടിൽ കൂടുതൽ കപ്പലുകൾ തുറമുഖത്തുവന്നു പോകുന്നതിനാൽ ലോകത്തെ മറ്റു കപ്പൽ കമ്പനികളെ അടുപ്പിക്കാനുമായിട്ടില്ല.