ഓണാഘോഷത്തോടനുബന്ധിച്ച് കുതിരപ്പുറത്തേറിയ മാവേലി.
തദ്ദേശ പൂക്കള മത്സരം: കുന്നമംഗലം ഒന്നാമത്
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്നമംഗലം പഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം പഞ്ചായത്ത് രണ്ടും തിരുവമ്പാടി പഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം , 50,000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. ജില്ലയിലെ 90 തദ്ദേശസ്ഥാപനങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് പുറമെ നഗരസഭകളും കോർപറേഷനും മത്സരത്തിൽ പങ്കാളികളായി.
നിയോജക മണ്ഡല അടിസ്ഥാനത്തിൽ ക്ലസ്റ്ററുകളാക്കി തിരിച്ചായിരുന്നു മത്സരം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നാണ് പൂക്കളങ്ങൾ ഒരുക്കിയത്.
വിളംബര ജാഥ സംഘടിപ്പിച്ചു
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേര്‍ന്ന് ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് ബീച്ചിലെ മെയിന്‍ സ്റ്റേജ് വരെയായിരുന്നു വിളംബരജാഥ.കെ ജയന്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, കായിക പ്രകടനങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു വിളംബര ജാഥ.
വടംവലി; ദേവഗിരി ജേതാക്കളായി
കോടഞ്ചേരി: ഓണാഘോഷത്തിന്റെ ഭാഗമായി താമരശേരി രൂപത മാതൃവേദി കുടുംബ കൂട്ടായ്മ കുന്നമംഗലം സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയ വടം വലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ദേവഗിരി സെന്റ് ജോസഫ് ടീം ജേതാക്കളായി. വേനപ്പാറ ഹോളി ഫാമിലി ടീം, വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ ടീം, നൂറാംതോട് സെന്റ് ജോസഫസ് ടീം എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വനിത വിഭാഗത്തിൽ ഈരൂട് സെന്റ് ജോസഫ് ടീം, കട്ടിപ്പാറ ഹോളി ഫാമിലി ടീം, വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ ടീം, പശുക്കടവ് സെന്റ് തെരേസാസ് ടീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ആം റെസ്ലിംഗ് ദേശീയ ചാന്പ്യൻ ഷാജി ജോൺ കൂമുള്ളി വടം വലി മത്സരം ഉദ്ഘാടനം ചെയ്തു.
ഓണപ്പൂക്കളമിട്ട് ഹരിത കർമ്മ സേന
പേരാമ്പ്ര: മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എംസിഎഫ്) യെ മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിക്കുന്ന ഇടം മാത്രമല്ല, കൂട്ടായ്മയുടെയും ആഘോഷങ്ങളുടെയും വേദിയാക്കി മാറ്റി പേരാമ്പ്ര പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ഓണാഘോഷം.ഹരിത കർമ്മസേന പ്രവർത്തകർ ഓണാഘോഷത്തിനായി ഒരുമിച്ചപ്പോൾ എംസിഎഫിന് അത് ഉല്‍സവ ഉത്സവ ഛായ പകര്‍ന്നു.
ഓണ സദ്യയും കലാ പരിപാടികളും അരങ്ങേറി. എംസിഎഫ് മാലിന്യം സംഭരിക്കുന്ന കേന്ദ്രം മാത്രമല്ല, പൊതു ജനങ്ങൾക്ക് എത്താനും പഠിക്കാനും കൂട്ടായ്മകൾ സംഘടിപ്പിക്കാനും കഴിയുന്ന ഇടം കൂടിയാണെന്ന ആശയമാണ് ആഘോഷത്തിലൂടെ മുന്നോട്ടു വെച്ചത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംകര, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി.വി. സുജിന്ദ്രൻ, രണ്ടാം വാർഡ് മെമ്പർ വിനു, ശുചിത്വ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ വി.പി. ഷൈനി, ആർ.ജി.എസ്.എ. കോ-ഓർഡിനേറ്റർ സനിത, ഹരിത കർമ്മസേന സെക്രട്ടറി സജിലത, പ്രസിഡന്റ് നിർമ്മല എന്നിവർ ആഘോഷ ചടങ്ങിൽ പ്രസംഗിച്ചു.
ഓണാഘോഷം
കൂടരഞ്ഞി :കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്ത ഓണാഘോഷം ബാങ്ക് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ , സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, ഭരണസമിതി അംഗങ്ങളായ സോമനാഥൻ കുട്ടത്ത്, സജി പെണ്ണാപറമ്പിൽ, അബ്ദുറഹിമാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, സോളമൻ മഴുവഞ്ചേരിൽ എന്നിവർ സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് ഒരുക്കിയ പൂക്കളവും മാവേലി മന്നന്റെ വരവേൽപ്പും ശ്രദ്ധേയമായി. തുടർന്ന് പായസ മത്സരം, വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി തുടങ്ങിയ വിവിധ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചു. പങ്കെടുത്തവർക്കായി വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
കൊടുവള്ളി: കൊടുവള്ളി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽബോഡി യോഗവും ഓണാഘോഷവും കൊടുവള്ളി കെആർഎഫ് റിസോർട്ടിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉന്നത വിജയികളായ കുട്ടികളെയും,120 വർഷത്തെ കൊടുവള്ളിയിലെ സ്വർണ വ്യാപാരത്തെ സംബന്ധിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഡോ. ഷാഹുൽ, ഡോ. മജീദ് നൂറാനി പെരിന്തൽമണ്ണ എന്നിവരെയും ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് തങ്ങൾസ് മുഹമ്മദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.പി. നാസർ, ഫിറോസ് ബാബു സിൽസില എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷം കളറാക്കി അൽഫോൻസ കോളജ്
തിരുവമ്പാടി: അൽഫോൻസ കോളജിൽ ‘കൽഹാര’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോളജ് മാനേജർ ഫാ. ആന്റണി ജോർജ് കരിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. കോളജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, പ്രിൻസിപ്പൽ ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ എം.സി. സെബാസ്റ്റ്യൻ, അധ്യാപകരായ റോബിൻ ജോർജ്, സബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
Tags : Onam celebrations NattuVishasham DistrictNews