പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഓണക്കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍.
തൊടുപുഴ: ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് രോഗികള്‍ക്ക് ഫുഡ് കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭാ പരിധിയില്‍ 500 പാലിയേറ്റീവ് രോഗികള്‍ പരിചരണത്തിലുണ്ട്. ഇവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പരിചരണം നല്‍കിവരുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ റോട്ടറി ക്ലബ് 20 പാലിയേറ്റീവ് രോഗികള്‍ക്ക് ഫുഡ് കിറ്റുകള്‍ നല്കി. റോട്ടറി പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടില്‍, ജോബ് കെ. ജേക്കബ്, അനിത ബെന്നി എന്നിവര്‍ കിറ്റുകള്‍ പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ജെ. പ്രീതിക്ക് കൈമാറി.
അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന് വിദ്യാര്‍ഥികളുടെ 75-ാം ബാച്ച് പാലിയേറ്റീവ് കെയര്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. പരിശീലനത്തിന്റെ ഭാഗമായി 30 പാലിയേറ്റീവ് രോഗികള്‍ക്ക് ഫുഡ് കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു. കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി ഗൃഹപരിചരണവും പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നടത്തി. ഹൃദയപൂര്‍വം ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും പരിപാടിയുമായി സഹകരിച്ചു.
അര്‍ഹരായ രോഗികളിലേക്ക് സേവനങ്ങളും സഹായങ്ങളും എത്തിക്കുന്നതിന് ജില്ലാ ട്രെയിനിംഗ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മഞ്ജു പീറ്റര്‍, ഡോ. ടാജി കെ. തോമസ്, പാലിയേറ്റീവ് നഴ്സുമാരായ സീമോള്‍ ഐസക്, ആന്‍സി ബേബി, ജോസ്മി ലൂക്കോസ്, നിബി ജോസ്, സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews