ആറളം ഫാമിൽനിന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നു.
ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തി തുടർ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിൽ നിന്ന് അഞ്ച് ആനകളെ കൂടി വനത്തിലേക്ക് തുരത്തി. വട്ടക്കാട് മേഖലയിൽ തമ്പടിച്ച ആറംഗ ആനക്കൂട്ടത്തിലെ അഞ്ചെണ്ണത്തെയാണ് വന്യജീവി സങ്കേതത്തിലേക്ക് കയറ്റി വിട്ടത്.
പ്രദേശത്ത് തമ്പടിച്ച ഒരു കുട്ടിയാന ഉൾപ്പെടെ ആറ് ആനകളെയായിരുന്നു കണ്ടെത്തിയത്. ഇവയെ വട്ടക്കാട്ട് നിന്ന് താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിംഗ് കടത്തി വന്യജീവി സങ്കേതത്തിലേക്ക് തുരത്തുന്നതിനിടെ ഒരെണ്ണം വഴിമാറി ഓടച്ചാൽ ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ ആനയെക്കൂടി കാട്ടിലേക്ക് കയറ്റിവിടാൻ പരിശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താത്കാലികമായി നിർത്തി.
കഴിഞ്ഞ ദിവസം ഫാം ബ്ലോക്ക് ആറിൽ കാട്ടാനക്കൂട്ടം വ്യാപകമായി നാശനഷ്ടം വരുത്തിയിരുന്നു. റബർ മരങ്ങൾ ചവിട്ടി മറിച്ചിടുകയൂം തൊലി പൊളിച്ചു തിന്നുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഫാം അധികൃതർ മേഖലയിലെ കാട്ടാനകളെ തുരത്തണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. കൊട്ടിയൂർ റേഞ്ച്, കീഴ്പ്പള്ളി, ഇരിട്ടി, മണത്തണ സെക്ഷൻ ജീവനക്കാരും ആറളം വൈൽഡ് ലൈഫ് ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേർ അടങ്ങുന്ന സംഘമാണ് കാട്ടാനകളെ തുരത്തിയത്.
Tags : NattuVishesham DistrictNews