ഒറ്റപ്പാലം റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പണിപൂർത്തിയായ മേൽക്കൂര.
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേസ്റ്റേഷനിൽ നവീകരണപ്രവൃത്തികൾ അവസാനഘട്ടത്തിൽ. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന് മുഴുവൻഭാഗത്തും മേൽക്കൂരയായിക്കഴിഞ്ഞു. രണ്ടു പ്ലാറ്റ്ഫോമിലും അഞ്ചുഭാഗങ്ങളായാണ് മേൽക്കൂരകൾ സ്ഥാപിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിൽ സ്ഥാപിച്ച രണ്ടുമേൽക്കൂരയുടെ പണി അവസാനഘട്ടത്തിലാണ്. ഇവിടേക്കുവേണ്ട ഇലക്ട്രിക് പണിയാണ് ഇപ്പോൾ നടക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ സ്ഥലങ്ങളിൽ മേൽക്കൂരകൾ നിർമിക്കുന്നത്.
നേരത്തേ ഒന്നാം പ്ലാറ്റ്ഫോമിൽ മൂന്നുഭാഗങ്ങൾക്ക് മാത്രമായിരുന്നു മേൽക്കൂരയുണ്ടായിരുന്നത്. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയതിനൊപ്പം ഏറ്റവും അവസാന ഭാഗത്തുവരെ ഇപ്പോൾ മേൽക്കൂരയുണ്ട്.
ഒറ്റപ്പാലം സ്റ്റേഷനിൽ പ്രവേശന കവാടത്തിനു സമീപത്താണ് ട്രെയിൻഎൻജിൻ വന്നുനിർത്തുക. ഇവിടെ പൂർണമായും മേൽക്കൂരയുണ്ട്. ആദ്യകാലങ്ങളിൽ പ്ലാറ്റ്ഫോമിന്റെ പകുതിഭാഗം കഴിഞ്ഞാൽ പിന്നീട് ട്രെയിൻ കാത്തുനിൽക്കുന്നിടത്ത് മേൽക്കൂരയില്ലായിരുന്നു. ഇപ്പോൾ ആ പ്രശ്നത്തിനു പരിഹാരമായി. എങ്കിലും മഴ പെയ്താൽ ഈ അഞ്ചുമേൽക്കൂരയ്ക്കുമിടയിലൂടെ നടന്നുപോകണമെങ്കിൽ കുടതന്നെ വേണം. ഇവ യോജിപ്പിച്ച് പൂർണമായ മേൽക്കൂരയില്ലാത്തതാണ് കാരണം. മഴപെയ്യുമ്പോൾ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടിലേക്ക് പോകാനുള്ള ഗോവണി കയറാനും നനയേണ്ടിവരും.
Tags : Ottapalam Railway Station NattuVishasham DistrictNews