പ്രതീകാത്മക ചിത്രം
കൂത്താട്ടുകുളം: കൂത്താട്ടുകുളം-നടക്കാവ് റോഡിൽ അമിത ലോഡുമായുള്ള ടോറസുകളുടെ മരണപ്പാച്ചിൽ അപകടം വിളിച്ചു വരുത്തുന്നതായി പരാതി. ഇന്നലെ തിരുമാറാടി ചാക്കപ്പടിയിൽ വച്ച് അമിത ലോഡ് കയറ്റിയ ടോറസ് ലോറിയുടെ ടയർ പൊട്ടി. ബസ് കാത്തുനിൽക്കുന്ന വെയിറ്റിംഗ് ഷെഡിന് സമീപമായിരുന്നു സംഭവം. ആളുകൾ ഓടി മാറിയതിനാൽ ആർക്കും പരിക്കില്ല
മേഖലയിൽ നമ്പർ പ്ലേറ്റുപോലും ഇല്ലാതെ സർവീസ് നടത്തുന്ന ലോറികളുമുണ്ട്. 580 അടി കരിങ്കല്ലോ മറ്റു പാറ ഉല്പന്നങ്ങളോ ആണ് ടോറസിൽ പരമാവധി കയറ്റാവുന്നത്. എന്നാൽ നിയമം പാലിക്കാതെ അമിത ലോഡ് കയറ്റിയാണ് ടോറസുകൾ കൂത്താട്ടുകുളം മേഖലയിൽ പായുന്നതെന്നാണ് ആക്ഷേപം.
ആഴ്ചകൾക്ക് മുമ്പ് തിരുമാറാടി ചാക്കപ്പടിയിൽ ടോറസിന്റെ ടയർ പൊട്ടി കരിങ്കല്ല് വീണ് ബാങ്ക് ജീവനക്കാരന് പരിക്കേറ്റിരുന്നു. സ്കൂൾ സമയത്ത് പോലും അമിതഭാരവുമായി ടോറസുകൾ അമിത വേഗതയിൽ കൂത്താട്ടുകുളം പ്രദേശത്തെ ഇടറോഡുകളിൽ പായുന്നതായി പരാതിയുണ്ട്.