പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷന് വികസനത്തില്‍ പുതിയൊരു കാല്‍വയ്പായി മേല്‍പ്പാലം യാഥാര്‍ഥ്യത്തിലേക്ക്.എഫ്സിഐ റോഡില്‍നിന്ന് സ്റ്റേഷന് മാസ്റ്ററുടെ ഓഫീസ് കെട്ടിടത്തിന് സമീപത്തായി ഒന്നാം പ്ലാറ്റ്ഫോമില്‍ എത്താവുന്ന വിധത്തിലുള്ള മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി.
നടപ്പാലത്തിനായുള്ള കൂറ്റന്‍ ഇരുമ്പ് ഗര്‍ഡുകള്‍ എത്തിച്ച് അവ പാലത്തിന്റെ തൂണില്‍ പ്രത്യേക ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. രാവിലെ 10.45നുള്ള ട്രെയിന്‍ കടന്നുപോയാല്‍ ഉച്ചയ്ക്ക് 2.55നാണ് അടുത്ത ട്രെയിന്‍.
ഇതിനിടയില്‍ ലഭിക്കുന്ന നാല് മണിക്കൂറാണ് തടസമില്ലാതെ മേല്‍ നടപ്പാലം നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നത്. കൂറ്റന്‍ ഇരുമ്പ് ഗര്‍ഡറുകളും ഉയര്‍ത്തിവയ്ക്കാനുള്ള ക്രെയിനുകളും ഷൊര്‍ണൂരില്‍നിന്ന് ഇന്നലെ രാവിലെയാണ് എത്തിച്ചത്.മേലപ്പാലത്തിനായുള്ള കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു.
കോഴിക്കോട് -പാലക്കാട് ദേശീയപാതയിലൂടെ പോളിടെക്നിക് കോളജിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന എഫ്സിഐ ഗോഡൗണ്‍ റോഡിലൂടെ വരുന്നവര്‍ക്ക് റെയില്‍ പാളങ്ങള്‍ മുറിച്ച് കടക്കാതെ നേരിട്ട് ടിക്കറ്റ് കൗണ്ടറുള്ള ഒന്നാം പ്ലാറ്റ് ഫോമിന് സമീപം എത്തിപ്പെടാന്‍ സൗകര്യപ്പെടുന്നതാണ് പുതിയ സംവിധാനം.