കാഞ്ഞിരപ്പുഴ: കേരളത്തിന്റെ സാമൂഹിക കാർഷിക ചരിത്രത്തിലെ വലിയ അതിജീവനഗാഥയായ മലബാർ കർഷക കുടിയേറ്റത്തിന് നൂറുവർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മലബാർ കർഷകകുടിയേറ്റ ശതാബ്ദി ആഘോഷം നാളെ വൈകുന്നേരം നാലിന് കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളി അങ്കണത്തിൽ നടക്കും.
1926ൽ തിരുവിതാംകൂറിന്റെ പരിമിതികളിൽനിന്ന് യാത്രാസൗകര്യങ്ങൾ പോലുമില്ലാതിരുന്ന കാലഘട്ടത്തിൽ മലബാറിന്റെ വന്യതയിലേക്ക് കുടിയേറി, തരിശു ഭൂമികളെ പൊന്നണിയിച്ച ആദ്യകാല കർഷകരുടെ ത്യാഗസ്മരണകൾക്ക് ആദരമർപ്പിച്ചാണ് ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.മലബാർ കർഷകകുടിയേറ്റ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജോമി കല്ലറക്കൽ മാളിയേക്കൽ സ്വാഗതം പറയും.പാലക്കാട് രൂപത ബിഷപ് മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും.
മന്ത്രി കെ.എ. തുളസി ഉദ്ഘാടനം നിർവഹിക്കും. അഡ്വ. ബോബി ബാസ്റ്റിൻ പൂവത്തുങ്കൽ വിഷയാവതരണം നടത്തും. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ മുഖ്യാതിഥിയാവും.
പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ ശതാബ്ദി സുവനീർ പ്രകാശനം ചെയ്യും. മുൻ കോങ്ങാട് എംഎൽഎ അഡ്വ.കെ. ശാന്തകുമാരി, മുഖ്യരക്ഷാധികാരിയും കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന വികാരിയുമായ ഫാ. മാർട്ടിൻ ഏറ്റമാനൂർക്കാരൻ, വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ എന്നിവർ ആശംസകൾ അർപ്പിക്കും.
മൈക്കിൾ ജോസഫ് പഴുക്കാത്തറ നന്ദി പറയും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. കുടിയേറ്റ മേഖലയിൽ വിവിധ രംഗങ്ങളിൽ പാദമുദ്രകൾ പതിപ്പിച്ചവരെ ആദരിക്കും.
മലയോര കർഷകർ നേരിടുന്ന സമകാലിക പ്രതിസന്ധികൾ ചർച്ച ചെയ്യപ്പെടുന്ന ഈ ചരിത്ര സംഗമത്തിൽ മുഴുവൻ കർഷകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് മലബാർ കർഷക കുടിയേറ്റ ആഘോഷ കമ്മിറ്റി ഭാരവാഹികൾ മണ്ണാർക്കാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഭാരവാഹികളായ കൺവീനർ ജോമി മാളിയേക്കൽ, സണ്ണി കിഴക്കേക്കര, അഡ്വ. ബോബി ബാസ്റ്റിൻ പൂവത്തുങ്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Malabar Farmer Migration Centenary nattuvishesham localnews Malabar Farmer Migration Centenary