വടക്കഞ്ചേരി മേൽപാലത്തിൽ പാലക്കാട് ലൈനിൽ ഒരുമാസത്തിലേറെയായി നടക്കുന്ന അറ്റകുറ്റപ്പണികൾ.
വടക്കഞ്ചേരി: നൂറിൽപരംതവണ കുത്തിപ്പൊളിച്ച് റിപ്പയർ ചെയ്തിട്ടും അപാകതകൾ പരിഹരിക്കാൻ കഴിയാത്ത വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലെ വടക്കഞ്ചേരി മേൽപാലം ഉൾപ്പെടെയുള്ള മേൽപാലങ്ങളുടെ സുരക്ഷാസ്ഥിതി പരിശോധിക്കാനെത്തിയ ഐഐടി സംഘത്തിന്റെ പരിശോധനാഫലം രണ്ടാഴ്ച കഴിഞ്ഞിട്ടും പുറത്തുവന്നില്ല.
ഈ മാസം 13നാണ് ചെന്നൈയിൽ നിന്നുള്ള ഐഐടി സംഘം മേൽപാലങ്ങളിൽ പരിശോധന നടത്താൻ എത്തിയിരുന്നത്. പാലത്തിലെ ബീമുകളുടെ ജോയിന്റുകളിൽനിന്ന് സിമന്റ് മിശ്രിതത്തിന്റെയും മറ്റും സാമ്പിളുകൾ സംഘം ശേഖരിച്ചിരുന്നു. ചെന്നൈയിലെ ലാബിൽ ക്വാളിറ്റി ടെസ്റ്റ് നടത്തി പത്തുദിവസത്തിനകം തുടർസുരക്ഷാ സംവിധാനങ്ങൾ നിർദേശിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തൂണുകളുടെ അലൈൻമെന്റ് പരിശോധനയും സ്കാനിംഗിലൂടെ കമ്പികളുടെ ദൃഢതയും പരിശോധിച്ചിരുന്നു. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിനുണ്ടാകുന്ന വിറയൽ പോലെയുള്ള ഗുരുതരസ്ഥിതിയും സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്.
പരിശോധനാഫലം അനന്തമായി നീളുന്നത് പാലംബലപ്പെടുത്തൽ വൈകുന്നതിന് കാരണമാകുമെന്നാണ് സൂചനകൾ. പാലംപൊളിച്ച് പുനർ നിർമിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് ഇപ്പോഴത്തെ കരാർ കമ്പനിക്കുള്ളത്. അല്ലാതെയുള്ള ബലപ്പെടുത്തൽ പ്രവൃത്തികളാണ് ആലോചിക്കുന്നതെന്നു കമ്പനി അധികൃതർ പറഞ്ഞു. ഇതിന് പരിശോധനാഫലവും നിർദേശങ്ങളും ലഭിക്കേണ്ടതുണ്ട്.
ഡിസൈനിംഗിലും മറ്റുമായി മേൽപാലങ്ങളുടെ നിർമാണത്തിൽ വലിയ അപാകതകൾ സംഭവിച്ചിട്ടുണ്ടെന്ന കണ്ടെത്തലിലാണ് പത്തുലക്ഷംരൂപ ചെലവിൽ വിദഗ്ധ സംഘത്തെ പരിശോധനക്ക് കൊണ്ടുവന്നത്. വടക്കഞ്ചേരി മേൽപാലത്തിന്റെ നിർമാണഘട്ടത്തിൽ തങ്കം ജംഗ്ഷനടുത്ത് പാലത്തിന്റെ വലിയ ഒരു പില്ലർ തകർന്നുവീഴുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനടുത്താണ് ഒരുമാസംമുമ്പ് പാലക്കാട് ലൈനിൽ വലിയ തോതിലുള്ള തകർച്ചയുണ്ടായത്.
പതിവിൽനിന്ന് വളരെ ഗുരുതര നിലയിൽ തകർച്ച കണ്ടെത്തിയപ്പോഴായിരുന്നു വാഹനഗതാഗതം പൂർണമായും നിരോധിച്ചത്. ഇപ്പോഴും സ്ഥലത്ത് റിപ്പയർ വർക്കുകൾ നടന്നു വരികയാണ്.2022 ഫെബ്രുവരിയിലാണ് വടക്കഞ്ചേരി മേൽപാലം നിർമിച്ച് തുറന്നു കൊടുത്തത്. അന്നുമുതൽ തന്നെ പാലത്തിൽ അപാകതകളും കാണാൻ തുടങ്ങിയിരുന്നു.
Tags : Overpasses on the National Highway nattuvishesham localnews Deterioration of Overpasses on the National Highway