പ്രതീകാത്മക ചിത്രം
ഒറ്റപ്പാലം: പൈപ്പുപൊട്ടൽ തുടർകഥയായതോടെ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച റോഡുകൾ വീണ്ടും കുഴിക്കേണ്ട ഗതികേടിൽ വാണിയംകുളം പഞ്ചായത്ത് അധികൃതർ.
ഏറ്റവും കൂടുതൽ പൈപ്പുപൊട്ടൽ റിപ്പോർട്ട് ചെയ്യുന്നത് മാന്നനൂർ, തൃക്കങ്ങോട്, വെള്ളിയാട്, ചെറുകാട്ടുപുലം, മനിശീരി, ഈസ്റ്റ് മനിശീരി ഭാഗങ്ങളിലാണ്. ഇവിടങ്ങളിലെ പ്രധാന റോഡുകളിൽതന്നെയാണ് പൈപ്പുകൾ കൂടുതലായി പൊട്ടുന്നത്.
നേരത്തേ ഇതേ റോഡുകളിൽ പലയിടത്തും പൊട്ടൽ പരിഹരിച്ചിരുന്നെങ്കിലും ഇപ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി ഒഴുകുകയാണ്. പൊട്ടൽ പരിഹരിക്കാൻ റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഉൾപ്പെടെ പൊളിക്കേണ്ടി വരുന്നു.
ഇങ്ങനെ കുഴിച്ച ഭാഗങ്ങൾ പിന്നീട് കുഴിയായി മാറി യാത്രക്കാർക്ക് ദുരിതമാകുന്നുവെന്നും നാട്ടുകാർ പറയുന്നു. ജൽജീവൻ മിഷന്റെ ഭാഗമായി സ്ഥാപിച്ച പൈപ്പുകളുടെ ഗുണനിലവാരക്കുറവാണ് പൊട്ടൽ കൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് പൊട്ടൽ കൂടുന്നതിന്റെ കാരണം പരിശോധിക്കുമെന്ന് ജല അഥോറിറ്റി അധികൃതർ അറിയിച്ചു.
Tags : supply in Vaniyamkulam nattuvishesham localnews Recurring pipe bursts