എരുമേലി: പാർക്കിംഗ് ഗ്രൗണ്ടിൽ ബസ് പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസിനെ പിന്തുടർന്ന് ബൈക്കിൽ എത്തിയ സംഘം ബസ് തടഞ്ഞുനിർത്തി കല്ലെറിഞ്ഞു ചില്ല് പൊട്ടിച്ചു. സംഭവത്തിൽ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ ഒമ്പതോടെ എരുമേലി പോലീസ് സ്റ്റേഷന് അടുത്തുള്ള സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവങ്ങളുടെ തുടക്കം. വലിയ ബസുകളുടെ പാർക്കിംഗിനായി വേർതിരിച്ചിട്ട സ്ഥലത്ത് മിനി ബസ് പാർക്ക് ചെയ്തത് നീക്കണമെന്ന് ഗ്രൗണ്ടിലെ ജീവനക്കാരൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് തമിഴ്നാട്ടിൽനിന്നുള്ള മിനി ബസിന്റെ ഡ്രൈവർ പറഞ്ഞു. ഇതേച്ചൊല്ലി വാക്കേറ്റം അടിപിടിയോളം എത്തിയിരുന്നു. തുടർന്ന് ശബരിമല ദർശനത്തിനായി തീർഥാടകരുമായി മിനി ബസ് കണമല-പമ്പ റൂട്ടിലേക്ക് പോയി.
ഇതിനു പിന്നാലെ നാലംഗ സംഘം ബൈക്കുകളിൽ പിന്തുടർന്നെത്തി എരുത്വാപ്പുഴ ഭാഗത്തുവച്ച് ബസ് തടഞ്ഞുനിർത്തി കല്ലുകൾ എറിഞ്ഞ് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് ഉടയ്ക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു. തീർഥാടകസംഘവുമായി നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ബസിന്റെ ചില്ല് പുതിയതു വാങ്ങുന്നതുൾപ്പെടെ നഷ്ടപരിഹാരം പ്രതികളിൽനിന്ന് ഈടാക്കിയതിനൊപ്പം കേസെടുത്തെന്നും പോലീസ് പറഞ്ഞു.