പീരുമേട്: പീരുമേട് ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന ചട്ടലംഘനങ്ങളും അഴിമതികളും നിരത്തി നിലവിലെ ഭരണസമിതി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു 48 ലക്ഷം രൂപ ചട്ടവിരുദ്ധമായി സഹകരണ ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെയുള്ള ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്. തങ്ങൾക്കെതിരേയുള്ള എൽഡിഎഫിന്റെ സമരപരിപാടികൾ അഴിമതികൾ മറച്ചുവെക്കാനുള്ള പ്രഹസനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് ആരോപിച്ചു.
നിലവിലെ ഭരണസമിതിക്കെതിരേ അഴിമതിയും സ്വജനപക്ഷപാതവും ഉന്നയിച്ചാണ് ഇടതുപക്ഷം കഴിഞ്ഞ ദിവസം സമരം നടത്തിയത്. പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ആറു മാസമേ ആയിട്ടുള്ളൂവെന്നും ഇതിനിടയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നതിനാൽ ഒന്നര മാസം മാത്രമാണ് പ്രവർത്തിക്കാൻ സമയം ലഭിച്ചതെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വികസന പ്രോജക്ടുകൾ ഡിപിസിക്ക് സമർപ്പിച്ച് അംഗീകാരം നേടിയെടുത്തിട്ടുണ്ട്.
മുൻ ഭരണസമിതിയുടെ കാലത്ത് ഒരു കുടുംബത്തിലെ ഒൻപതു പേരെയാണ് വിവിധ വകുപ്പുകളിൽ നിയമിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു തവണപോലും ജനറൽ ബോഡി വിളിച്ചുചേർക്കാൻ മുൻ ഭരണസമിതി തയാറായിട്ടില്ലെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.