കാഞ്ഞങ്ങാട് ടൗൺ ബസ്സ്റ്റാൻഡിനു മുന്നിൽ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർ.
കാഞ്ഞങ്ങാട്: നഗരകേന്ദ്രത്തിലുള്ള കാഞ്ഞങ്ങാട് ടൗൺ ബസ് സ്റ്റാൻഡിനു മുന്നിൽ മേൽനടപ്പാലം നിർമിക്കാൻ പദ്ധതിയൊരുങ്ങുന്നു. എസ്കലേറ്റർ സൗകര്യത്തോടെയുള്ള നടപ്പാലം നിർമിക്കുന്നതിനുള്ള പദ്ധതിരേഖ തയ്യാറാക്കാൻ നേരത്തേ നഗരസഭ താൽപര്യപത്രം ക്ഷണിച്ചിരുന്നു. മൂന്നു സ്ഥാപനങ്ങളാണ് ഇതിനുള്ള ടെൻഡർ നൽകിയിട്ടുള്ളത്. ഇവ നഗരസഭ കൗൺസിലിനു മുമ്പാകെ വച്ച് ഒരെണ്ണം അംഗീകരിച്ചതിനു ശേഷം എത്രയുംപെട്ടെന്ന് രൂപരേഖ തയ്യാറാക്കാനാണ് തീരുമാനം.
മേൽപ്പാലം നിർമിക്കാൻ അഞ്ചു കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് പ്രാഥമിക കണക്ക്. രൂപരേഖയും കൃത്യമായ എസ്റ്റിമേറ്റും തയ്യാറാക്കിയതിനുശേഷം കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽനിന്ന് സഹായം നേടിയെടുക്കാനാണ് ശ്രമം. കാഞ്ഞങ്ങാട് നഗരസഭയിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ താമരക്കുളത്തിന്റെ നവീകരണം, ചെമ്മട്ടംവയൽ സയൻസ് പാർക്ക് നവീകരണം, വാഴുന്നോറടി കുടിവെള്ള പദ്ധതി എന്നിവ നേരത്തേ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിനു മുന്നിൽ ഇടതടവില്ലാതെ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് നഗരകേന്ദ്രത്തിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്. ഓണവും വിഷുവും പോലുള്ള ഉത്സവവേളകളിൽ നഗരത്തിൽ ആൾത്തിരക്കേറുമ്പോൾ ഗതാഗതസ്തംഭനം തന്നെ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ട്. പകൽനേരങ്ങളിൽ അപകടസാധ്യതയൊഴിവാക്കാൻ രണ്ടു ഹോംഗാർഡുകളെ പതിവായി ഇവിടെ നിയോഗിക്കുകയാണ്. മറ്റു പ്രധാന നഗരങ്ങളിലെല്ലാം ഉള്ളതുപോലെ ഇവിടെയും മേൽനടപ്പാലം നിർമിക്കണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്.
ഇ.ചന്ദ്രശേഖരൻ റവന്യുമന്ത്രിയായിരുന്ന കാലം മുതൽ സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും ഭാഗത്തുനിന്ന് പലതവണ ഇതിനായുള്ള പ്രഖ്യാപനം നടന്നിരുന്നെങ്കിലും ഒന്നും പ്രാവർത്തികമായില്ല.
ഇതോടൊപ്പം കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ കിഴക്കുംകരയിൽ നിന്ന് വെള്ളായിപ്പാലം വഴിയുള്ള റോഡ് വീതികൂട്ടി വൺവേയാക്കുന്നതിനും നഗരസഭ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഈ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമേറ്റെടുക്കാൻ സ്ഥല ഉടമകളുമായി ചർച്ച നടന്നുവരികയാണെന്ന് നഗരസഭാ ചെയർമാൻ വി.വി. രമേശൻ പറഞ്ഞു.
Tags : Local News Nattuvishesham flyover Kanhangad bus stand