അരുവിക്കര ഡാം റിസർവോയറിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയനിലയിൽ.
നെടുമങ്ങാട്: അരുവിക്കര ഡാം റിസർവോയറിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നു. പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണു റിസർവോയർ മലിനമാക്കുന്നത്. നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നിസംഗതയാണ് മാലിന്യം തള്ളലിനു വളംവയ്ക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്ത്, ശുചിത്വ മിഷൻ, ആരോഗ്യ വകുപ്പ്, പൊലിസ് എന്നിവരുടെ ഏകോപനമില്ലായ്മയും മലയോര മേഖലകളിൽ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വീടുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്തുചെയ്യണമെന്ന കാര്യത്തിലും അധികൃതർക്കു വ്യക്തതയില്ല.
തോടുകളിലും പുഴകളിലും പ്ലാസ്റ്റിക് അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുന്നതു വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്. കൂടാതെ, പ്ലാസ്റ്റിക് അവശിഷ്ടങ്ങളുൾപ്പെടെയുള്ള ഭക്ഷണം അകത്തുചെല്ലുന്നതു മേഖലയിലെ നാടൻ മൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ജീവനും ഭീഷണിയാകുന്നുണ്ട്. നിരവധി മൃഗങ്ങളാണ് മേഖലയിൽ ചത്തൊടുങ്ങിയത്. പ്ലാസ്റ്റിക്കിനു പകരമായി തുണിസഞ്ചികളും പുനരുപയോഗിക്കാവുന്ന വസ്തുക്കളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണങ്ങൾ നടക്കുന്നുണ്ടെങ്കിലും നിയമങ്ങൾ കർശനമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. മാലിന്യ നിക്ഷേപവും അനധികൃത വിൽപനയും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അറിയിക്കാനായി ഹെൽപ്ലൈൻ നമ്പറുകളും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Plastic waste