വിഴിഞ്ഞം: എൽസ മൂന്നിൽനിന്നു കരക്കെത്തിച്ച മാലിന്യച്ചാക്കുകൾ വാരാൻ ഒടുവിൽ ബന്ധപ്പെട്ട ഏജൻസി അധികൃതരെത്തി. കടലിൽനിന്നു വള്ളങ്ങളിൽ എത്തിച്ചതിനു നഷ്ടപരിഹാരം വേണമെന്ന് മത്സ്യത്തൊഴിലാളികൾ. ലോറിയിൽ കയറ്റിയ പ്ലാസ്റ്റിക് ചാക്കുകൾ തിരികെയിറക്കിയ ഏജൻസി ജീവനക്കാർ മടങ്ങിപ്പോയി.
വിഷയം ജില്ലാ കളക്ടറുടെ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്ത റവന്യൂ ഉദ്യോഗസ്ഥർ, തീരത്ത് അനാഥമായിക്കിടക്കുന്ന ചാക്കു കെട്ടുകളെ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. കസ്റ്റംസ് ക്ലിയറൻസ് വേണ്ട വസ്തുക്കളെ അംഗീകൃത ഏജൻസിക്ക് മാത്രമേ കൈകാര്യം ചെയ്യാനാകുവെന്നു ബന്ധപ്പെട്ടവർ പറയുന്നു.
പാരിസ്ഥിതിക പ്രശ്നത്തിനു വഴിതെളിക്കുമെന്നതിനാൽ ഇവ എത്രയും വേഗം മാറ്റേണ്ടതുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച എൽസാ -മൂന്നിൽ നിന്നുള്ള കണ്ടെയ്നർ തകർന്നു കടലിലൂടെ ഒഴുകി നടന്ന പ്ലാസ്റ്റിക്ക് തരികൾ നിറഞ്ഞ 150 ചാക്കുകളാണ് അധികൃതർക്ക് വിനയായി രിക്കുന്നത്. മത്സ്യബന്ധത്തിനു പോയ തൊഴിലാളികൾ അവരുടെ വള്ളങ്ങളിൽ കരയിൽ എത്തിച്ച ചാക്കുകൾ റവന്യൂവകുപ്പ് അധികൃതരും പോലീസും ചേർന്ന് കണക്കെടുത്തശേഷം കളക്ടർക്ക് റിപ്പോർട്ടും നൽകി തീരത്ത് അടുക്കിവയ്ക്കുകയാ യിരുന്നു.
ഇന്നലെ ഉച്ചയോടെ കരയിൽ അടുക്കി വച്ചിരുന്ന ചാക്കുകൾ എറ്റെടുത്ത് കൊണ്ടുപോകാാണ് എംഎസ്സി കമ്പനി ചുമതലപ്പെടുത്തിയ മെർക്ക് എന്ന ഏജൻസി അധികൃതർ എത്തിയത്. ചാക്കുകൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ആരംഭിച്ച സമയത്ത് കൂലി ആവശ്യപ്പെട്ട് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ വാഹനം തടഞ്ഞത്. തുടർന്നു മത്സ്യതൊഴിലാളികളുമായി മെർക്ക് കമ്പിനി അധികൃതർ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും പരാജപ്പെട്ടു. ഇതോടെ വാഹനത്തിൽ കയറ്റിയ ചാക്കു കെട്ടുകൾ തിരിച്ചു കടപ്പുറത്ത് ഇറക്കിവച്ചശേഷം അധികൃതർ മടങ്ങി.
തീരത്ത് വല്ലപ്പോഴും അടിഞ്ഞു കയറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അരിച്ചു വാരാനായി വോളന്റിയർമാരെ നിയമിച്ച അധികൃതർ ചാക്കു കെട്ടുകൾ ഏറ്റെടുക്കാൻ മടികാണിക്കുന്നതായി ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു . 2025 മേയ് 24 നാണു വിഴിഞ്ഞത്തുനിന്നു കൊച്ചിക്കു പോയ എൽസാ -മൂന്ന് ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുൻപ് അപകടത്തിൽപ്പെട്ടത്. 25ന് ഉൾക്കടലിൽ താഴ്ന്ന കപ്പലിലെ കണ്ടെയ്നറുകളിൽ ചിലത് തകർന്ന് ഉള്ളിലുണ്ടായിരുന്ന വസ്തുക്കൾ കടലിലൂടെ ഒഴുകിയിരുന്നു . ഒരു വർഷത്തിന് ശേഷമെത്തിയ മാലിന്യങ്ങളാണ് ഇപ്പോഴത്തെ തലവേദന.
Tags : Nattuvishesham District News