പ്രദീപിനെയും അന്വേഷണസംഘത്തെയും ആദരിക്കുന്നു.
ഇടുക്കി: കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ കടത്തിണ്ണയില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തി ചികിത്സയിലിരിക്കേ മരിച്ച മുഴയന്‍ കുഞ്ഞുമോന് എന്ന കുഞ്ഞുമോന്റെ (45) മരണം കൊലപാതകമാണെന്നു കണ്ടെത്തുന്നതില്‍ നിര്‍ണായക തെളിവ് നല്കിയ കട്ടപ്പന വെട്ടിക്കുഴക്കവല പടിഞ്ഞാറേതില്‍ പ്രദീപിനെയും അന്വേഷണ സംഘത്തെയും ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം പ്രശംസാപത്രം നല്കി അഭിനന്ദിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്ത കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പില്‍, സിഐ കെ. പ്രേംകുമാര്‍, എസ്ഐമാരായ എബി ജോര്‍ജ്, പി.വി. മഹേഷ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ വി.എം. ജോസഫ്, എം.എസ്. അനൂപ്, പ്രശാന്ത് കെ. മാത്യു, ജിന്‍സ് വര്‍ഗീസ്, സലിം മുഹമ്മദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ അല്‍ബാഷ് കെ. രാജു, എന്‍.എ. വിജിന്, ജയിംസ് ദേവസ്യ എന്നിവരെയാണ് ആദരിച്ചത്.
അടിമാലിയിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതിയെ തൃശൂരില്‍നിന്നു പിടികൂടിയ ഇടുക്കി ഡിവൈഎസ്പി മോഹന്‍ദാസിനെയും സംഘത്തെയും 47 ബാരല്‍ ടാര്‍, അനധികൃതമായി കൊല്ലത്തേക്കു ലോറിയില്‍ കടത്തികൊണ്ടുപോയതിനെത്തതുടര്ന്ന് അറസ്റ്റിലാകുകയും ജാമ്യം കിട്ടിയശേഷം 12 വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയും ചെയ്ത പ്രതിയെ പിടികൂടിയ പൊലിസ് ഉദ്യോഗസ്ഥരായ വിപിന്‍ ഗോപിനാഥന്, എന്‍.കെ. ബിജു, അനീഷ് രാജു എന്നിവരെയും ആദരിച്ചു.
ആസാം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ കേസിലെ പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെയും ഗര്‍ഭിണിയായ യുവതിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ താഴ്ത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ജിവപര്യന്തം കഠിനതടവും, ഒരുലക്ഷം രൂപ പിഴ ശിക്ഷയും വാങ്ങി നല്കിയ അന്വേഷണ സംഘത്തെയും വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയവരെയും മറയൂരില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ കൊലപാതകക്കേസില്‍ പ്രതിയെ പിടികൂടിയ പോലീസ് സംഘത്തെയും പ്രശംസാ പത്രം നല്കി ആദരിച്ചു.
അര്‍ധരാത്രി നെഞ്ചുവേദന അനുഭവപ്പെട്ട വയോധികനെ പട്രോളിംഗിനിടെ സഹായിച്ച സബ് ഇന്‍സ്പെക്ടര്‍ സാന്റിനോ അനന്തകുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ നിബിന് പോള്‍ എന്നിവര്‍ക്കും പ്രശംസാപത്രം സമ്മാനിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മികച്ചസേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവര്‍ത്തനം, കര്‍ത്തവ്യനിര്‍വഹണത്തിലെ സമര്‍പ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പൊലിസ് ഉദ്യോഗസ്ഥരെയും സ്തുത്യര്‍ഹസേവനം കാഴ്ചവച്ച വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെയും ജില്ലാ പൊലിസ് മേധാവി ആദരിച്ചു.
Tags : Nattuvishesham DistrictNews DeepikaNews