കോട്ടയം: ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള 79,732 കുട്ടികൾക്ക് ഇന്നലെ പോളിയോ തുള്ളിമരുന്ന് നൽകി. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, കോട്ടയം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സാലി മാത്യൂസ്, നഗരസഭാംഗം ജോൺ വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ആർസിഎച്ച് ഓഫീസർ ഡോ. ബി.കെ. പ്രസീത, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.ജെ. സിത്താര, കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി. സുഷമ, ആർഎംഒ ഡോ. എസ്. ദീപു, മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ നാൻസി, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് കാഞ്ചന, മാസ് മീഡിയ ഓഫീസർമാരായ എസ്. സജീവ്, ടി.ആർ. ബിജു എന്നിവർ പങ്കെടുത്തു.
ജില്ലയില്‍ ആകെ 87,277 കുട്ടികൾക്കാണു പോളിയോ തുള്ളി മരുന്ന് നൽകേണ്ടിയിരുന്നത്. ഇന്നലെ തുള്ളിമരുന്ന് കൊടുക്കാത്ത കുട്ടികൾക്ക് ഇന്നും നാളെയും വീടുകളിലെത്തി മരുന്ന് നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.