പോത്തൻകോട് ബ്ലോക്ക്
പൂട്ടിപ്പോയ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് സഹായം
കഴക്കൂട്ടം: തൊഴിൽ തട്ടിപ്പുനടത്തി പൂട്ടിപ്പോയ സ്വകാര്യ കമ്പനിക്കു വഴിവിട്ട് സഹായം നൽകി തിരികെ കൊണ്ടുവരാനുള്ള പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ നടപടി വിവാദത്തിൽ.
ഇന്നലെ രാവിലെ ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രസിഡന്റ് ഇതു സംബന്ധിച്ചു സന്ദേശം പങ്കുവച്ചതോടെയാണ് വിവാദം തുടങ്ങിയത്. ഇതോടെ അയച്ച സന്ദേശം ഡിലീറ്റ് ചെയ്ത് പ്രസിഡന്റ് തടിയൂരി. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിൽ 13 വർഷം മുൻപ് 300 ഓളം തൊഴിലാളികൾക്കു ശമ്പളം നൽകാതെ പ്രതിഷേധമുണ്ടാവുകയും തുടർന്നു പൂട്ടിപ്പോവുകയും ചെയ്ത കന്പനിക്കാണ് സഹായം നൽകാനൊരുങ്ങുന്നത്. കിൻഫ്രയിൽ വീണ്ടും പ്രവർത്തനം തുടങ്ങുന്ന കമ്പനിക്കായി തൊഴിലാളികളെ നിയമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഇടപെട്ടതിന്റെ ശബ്ദരേഖയും പുറത്തായി.
തയ്യൽ അറിയാവുന്ന 50 തൊഴിലാളികളെ ആവശ്യമുണ്ടെന്നും 12,000 രൂപ ശമ്പളം ലഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിൽ ഇന്റർവ്യൂ നടക്കുമെന്നുമായിരുന്നു സന്ദേശം. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ മൂന്നംഗങ്ങൾ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്. വിദേശഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയുമായുള്ള അനധികൃത ഇടപാട്, ഓണാഘോഷത്തിന്റെ പേരിൽ നടത്തിയ അനധികൃത പണപിരിവ്, ബ്ലോക്ക് പഞ്ചായത്ത് ഭൂമിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കൽ, പ്രസിഡന്റിന്റെ ബിനാമിക്ക് ലക്ഷങ്ങളുടെ പിആർ ക്വട്ടേഷൻ അനുവദിക്കൽ തുടങ്ങിയ വിഷയങ്ങൾ നിരത്തിയാണ് പരാതി നൽകിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഏതെങ്കിലും തട്ടിപ്പ് കമ്പനിക്ക് ഇന്റർവ്യൂ നടത്താനുള്ള വേദിയല്ലെന്നും ഭരണസമിതിയുമായി കൂടിയാലോചന നടത്താതെ ഏകപരീക്ഷമായ തീരുമാനങ്ങളെടുക്കുന്നത് ദുരൂഹമാണെന്നും സിപിഎം പാർലമെന്ററി പാർട്ടി ലീഡർ അനിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പറഞ്ഞു.
തട്ടിപ്പ് പദ്ധതികളുമായി ഇടനിലക്കാർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുകയാണെന്നും മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇടപാടുകളിൽ അഴിമതിയുണ്ടെന്നും വിജിലൻസിൽ പരാതി നൽകുമെന്നും അനിൽ വ്യക്തമാക്കി.