ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാരുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും ഗൂഢാലോചന സംബന്ധിച്ച് തെളിവു ലഭിക്കാതെ അന്വേഷണ സംഘം. പ്രതിഷേധത്തിനിടെ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലായിട്ടും നവകേരള ബസിന്റെ യാത്ര തടസപ്പെടുത്താനുള്ള ശ്രമങ്ങൾ നേരിൽ കണ്ടപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെന്ന തരത്തിലുള്ള ഇടപെടലാണുണ്ടായതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി)പ്രതികൾ വെളിപ്പെടുത്തിയത്.
കേസിൽ വധശ്രമക്കുറ്റം തെളിയിക്കുന്നതിനൊപ്പം മർദനത്തിന് ആരുടെയെങ്കിലും പ്രേരണയുണ്ടായിട്ടുണ്ടോയെന്ന് കൂടി കണ്ടെത്താനായിരുന്നു എസ്ഐടിയുടെ ശ്രമം.
ചോദ്യം ചെയ്യലിന്റെ രണ്ടാംദിവസം കേസിലെ ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. എന്നാൽ, വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്ന കേസിൽ തെളിവുനിയമപ്രകാരം പ്രതികളുടെ സാന്നിധ്യത്തിൽ ആയുധങ്ങൾ റിക്കവറി ചെയ്യണമെന്നിരിക്കെ കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തെത്തി ആയുധം കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ അതുണ്ടായില്ല.
അതേസമയം, ആയുധങ്ങൾ വീണ്ടെടുക്കാൻ വകുപ്പുതലത്തിൽ നോട്ടീസ് നൽകി ബന്ധപ്പെട്ട യൂണിറ്റിൽനിന്ന് ഇവ വീണ്ടെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ചോദ്യം ചെയ്യലിനിടെ പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടത്തി. ഗൺമാൻമാരുടെ മർദനത്തിനിരയായ എ.ഡി. തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസും സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജയ് ഹിന്ദ് ചാനൽ കാമറമാൻ ജോജിയും ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലി മുമ്പാകെ എത്തിയപ്പോൾ പ്രതികളായ അഞ്ചുപേരെയും ഇവർക്ക് മുന്നിലെത്തിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കുകയായിരുന്നു.
മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ പ്രകാരം ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്ന് പൂർത്തിയാകും. സംഭവസ്ഥലമായ ജനറൽ ആശുപത്രി ജംഗ്ഷനിലെ തെളിവെടുപ്പും പ്രതികളുടെ അറസ്റ്റ് നടപടികളും ഇന്നു പൂർത്തിയാക്കാനാണ് സാധ്യത. അറസ്റ്റ് ചെയ്താലും മുൻകൂർജാമ്യം ഉള്ളതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലും പ്രതികളെ വിട്ടയയ്ക്കണമെന്നാണ് കോടതി നിർദേശം.