സിഐടിയു ജില്ലാ സമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റുമാനൂര്‍: സാമ്പത്തികവളര്‍ച്ചയുടെ കള്ളക്കണക്കുണ്ടാക്കി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം. സിഐടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 7.5 ശതമാനം സാന്പത്തിക വളര്‍ച്ചയെന്നാണ് കേന്ദ്രം പറയുന്നത്. യഥാര്‍ഥത്തില്‍ വളര്‍ച്ചയില്ലെന്നും കള്ളമാണെന്നും സാന്പത്തിക വിദഗ്ധര്‍ പറയുന്നു.
രാജ്യത്ത് തൊഴിലാളി ജീവിതം അനിശ്ചിതാവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ സിഐടിയു നേതൃത്വത്തില്‍ ഒക്കുപൈ ഡല്‍ഹി എന്ന പേരില്‍ സമരം നടത്തും. കേരളത്തില്‍ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കുന്നത് സംഘടനാ ശക്തിയിലും ഇടയ്ക്കിടെ എല്‍ഡിഎഫ് ഭരണം വരുന്നതിനാലുമാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളി ക്ഷേമ പദ്ധതികള്‍ യുഡിഎഫ് തകര്‍ക്കുകയാണെന്ന് എളമരം കരീം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ദേശീയ സെക്രട്ടറി കെ.എന്‍. ഗോപിനാഥ് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറര്‍ വി.കെ. സുരേഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. നേതാക്കളായ വി.എന്‍.വാസവന്, കെ.ജെ. തോമസ്, കെ.പി. മേരി, ടി.ആര്. രഘുനാഥന്, കെ.കെ. ഹരിക്കുട്ടന്, കെ.ബി. രമ, കെ.കെ. ഗണേഷന്, വി. കെ. സുരേഷ്കുമാര്‍, എസ്. വിനോദ്, ലാലിച്ചന്‍ ജോര്‍ജ്, കെ.സി. ജോസഫ്, സി. ജെ. ജോസഫ്, കെ.എന്‍. വേണുഗോപാല്‍, വി. ജയപ്രകാശ്, പി.വി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് പൊതുചര്‍ച്ച ആരംഭിച്ചു. ഇന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
421 ട്രേഡ് യൂണിയന് പ്രതിനിധികളും 11 സൗഹാര്‍ദ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
Tags : Protest NattuVishasham DistrictNews