നെയ്യാറ്റിൻകര നഗരസഭ കൗണ്‍സിലര്‍ സംഗീത സുനില്‍, മുന്‍ കൗണ്‍സിലര്‍മാരായ എസ്.കെ ജയകുമാര്‍, മഞ്ചത്തല സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ റോ
നെയ്യാറ്റിൻകര: നഗരസഭ കൗണ്‍സിലറുടെയും മുന്‍ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ ചെളിവെള്ളത്തില്‍ കിടന്ന് പ്രതിഷേധം. വാട്ടര്‍ അഥോറിറ്റിയുടെയും പി ഡബ്ല്യൂ ഡി യുടെയും അനാസ്ഥ ഇനിയും തുടര്‍ന്നാല്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.
വാട്ടർ അഥോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷൻ മുതൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള വാട്ടർടാങ്ക് വരെയുള്ള ഭാഗത്ത് പൈപ്പിടലുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലേറെയായി നടക്കുന്ന പണി തീരാത്ത സാഹചര്യത്തിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുൻഭാഗത്തായി റോഡ് ഉപരോധിച്ച് നടത്തിയ പ്രതിഷേധ സമരം ഫ്രാൻ പ്രസിഡന്റും മുന്‍ നഗരസഭ കൗണ്‍സിലറുമായ എസ്. കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ മഞ്ചത്തല സുരേഷ് അധ്യക്ഷനായി.
ആലുംമൂട് വാർഡ് കൗൺസിലർ സംഗീത സുനിൽ, വിവിധ സംഘടന നേതാക്കളായ അഡ്വ. രഞ്ജിത്ചന്ദ്രൻ, ഇരുമ്പിൽ രാജീവ്, ഡി കൃഷ്ണൻകുട്ടിനായർ, ആന്റണി അലൻ, മധുസൂദനൻനായർ, ശബരിനാഥ് രാധാകൃഷ്ണൻ, മണലൂർ ശിവപ്രസാദ്, മെട്രോ സതീഷ്, ശ്രീധരൻനായർ, മായ, രാകേഷ് കുമാർ, ലാൽ കൃഷ്ണ, ചന്ദ്രകിരൺ, ഹരിശങ്കർ, വിജയൻ, ദാവൂദ്.എന്നിവർ സമരത്തില്‍ പങ്കെടുത്തു.
റോഡ് ഉപരോധിച്ചിട്ടും അധികൃതർ എത്താതിനെ തുടർന്ന് കൗണ്‍സിലര്‍ സംഗീത സുനില്‍, മുന്‍ കൗണ്‍സിലര്‍മാരായ മഞ്ചത്തല സുരേഷ്, എസ്.കെ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ സമരക്കാര്‍ റോഡിലെ ചെളിക്കുഴിയിൽ കിടന്ന് പ്രതിഷേധിച്ചു. വിവരം അറിഞ്ഞ് വാട്ടർ അഥോറിറ്റിയുടെയും പി ഡബ്ല്യൂ ഡി യുടെയും അസിസ്റ്റന്റ് എൻജിനിയർമാർ സ്ഥലത്തെത്തി. ചൊവ്വാഴ്ചയോടെ കുഴികൾ പൂർണ്ണമായും അടച്ച് ഗതാഗ യോഗ്യമാക്കാമെന്നും മഴ ശമിച്ചാലുടൻ ടാർ ചെയ്യുമെന്നും ഉറപ്പു നൽകിയതായും പ്രതിഷേധക്കാര്‍ അറിയിച്ചു.