ഉപയോഗശൂന്യമായ നന്ദിയോട് ആശുപത്രി ക്വാർട്ടേഴ്സ്.
വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് തകർന്ന് ഉപയോഗശൂന്യമായതു പുനർനിർമിക്കുന്നതു നീണ്ടുപോവുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തം.
പതിനൊന്ന് ക്വാർട്ടേഴ്സ് മുറികളും ഓഫീസ് കെട്ടിടവുമാണ് കാലപ്പഴക്കം മൂലം ഫർണിച്ചറുകൾ ഉൾപ്പെടെ ചിതലെടുത്ത് നശിച്ചിരിക്കുന്നത്.
മുൻപ് ഡോക്ടർമാരും, സഹജീവനക്കാരും ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. രാത്രിസമയങ്ങളിൽ കൂടുതൽ അസുഖബാധിതരായി ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സ ലഭിച്ചിരുന്നു. നിലവിൽ ജോലിസമയം കഴിഞ്ഞാൽ ഡോക്ടർ ഉൾപ്പടെയുള്ള ജീവനക്കാർ പുറത്തെ താമസസ്ഥലത്തേക്കു പോവുന്നതിനാൽ രാത്രികാല പരിശോധന സാധ്യമല്ല.
തകർന്ന നിലയിലുള്ള ക്വാർട്ടേഴ്സ് മുറികളിൽ സാമൂഹ്യ വിരുദ്ധരുടെ ഇടപെടൽ വർധിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു. ക്വാർട്ടേഴ്സ് പുനർനിർമാണത്തിന് അധികൃതർ വകുപ്പുമേധാവികൾക്ക് റിപ്പോർട്ടുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഫയലുകൾത്തു അനക്കമില്ല. താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഹെഡ് ക്വാർട്ടേഴ്സാണ് നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം. പ്രതിദിനം 200 മുതൽ 300 വരെ അസുഖബാധിതർ ഒപിയിൽ ചികിത്സക്കെത്തുന്നുണ്ട്.
ഒപിയിൽ പരിമിതമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. മൂന്നുകോടിരൂപ ചെലവിൽ പുതിയ ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോർ നിർമാണം പൂർത്തികരിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമാവാത്തതും നാട്ടുകാരുടെ അമർഷത്തിനു കാരണമായിട്ടുണ്ട്.
പ്രസവചികിത്സ, ഓപ്പറേഷൻ, പോസ്റ്റുമോർട്ടം, കണ്ണ് , ത്വക് രോഗവിഭാഗവും ഫലപ്രദമായി പ്രവർത്തിച്ചിരുന്ന ഈ സർക്കാർ ആശുപത്രിയിൽ നിലവിൽ ഒപി വിഭാഗത്തിൽ മാത്രമാണ് ചികിത്സയുള്ളത്.
Tags : Local News Nattuvishesham Protest