പ്രതീകാത്മക ചിത്രം
മല്ലപ്പള്ളി: പോലീസുകാർക്കെതിരേ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. പോലീസുകാർക്കും വീടുകളുണ്ട്. അവർക്കും അമ്മയും പെങ്ങന്മാരുമുണ്ടെന്ന് ഓർക്കണമെന്നും വേണ്ടി വന്നാൽ അവിടേക്ക് തങ്ങളും കയറുമെന്നുമാണ് ഉദയഭാനുവിന്റെ മുന്നറിയിപ്പ്.
അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിലായ രാത്രി മല്ലപ്പള്ളി കാട്ടാമലയിൽ ഇയാളെ തേടി സിപിഎം നേതാക്കളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎം കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെ നടത്തിയ മാർച്ചിലാണ് ഉദയഭാനു ഭീഷണിയും വെല്ലുവിളിയും നടത്തിയത്. കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്. അവരെ രക്ഷിക്കാൻ ആരുമുണ്ടാവില്ല. പോലീസ് ചൂട്ടുപോലെയാണ്. വഴിയാത്രക്കാരന് കിട്ടിയാൽ അത് വഴി തെളിക്കും, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കും.
യുഡിഎഫിന്റെ കൈയിലെ പോലീസ് ഭ്രാന്തനെ പോലെയാണന്നും ഉദയഭാനു പറഞ്ഞു. ഭരണം കിട്ടിക്കഴിഞ്ഞാൽ പാവപ്പെട്ടവന്റെ വീടുകളിൽ കയറാനും അവരെ കള്ളക്കേസിൽ കുടുക്കാനുമാണ് ചില കോൺഗ്രസുകാരുടെ ധാരണയെങ്കിൽ അതിവിടെ നടക്കില്ല. അർജുൻ ആയെങ്കി കാട്ടാമലയിൽ ഉണ്ടെന്ന് വിളിച്ചുപറഞ്ഞത് ആരെന്നു പൊലീസ് വെളിപ്പെടുത്തണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആവശ്യപ്പെട്ടു. ഡോ. ജേക്കബ് ജോർജ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽ കുമാർ, ഏരിയ സെക്രട്ടറി ബിനു വർഗീസ്, ഏരിയാകമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.