തൊടുപുഴ: മധുരഫലങ്ങള്‍ കൊണ്ട് സമ്പന്നമാണ് രാജീവ് പാടത്തിലിന്റെ കൃഷിയിടം . കോടിക്കുളം പഞ്ചായത്തിലെ കൊടുവേലിയിലാണ് തേന്മധുരം പകരുന്ന കൃഷിയിടം. അഞ്ചേക്കറില്‍ ശങ്കര, സിദ്ദു, രാമചന്ദ്ര, തായ്ലന്ഡ് റെഡ്, ജെ 33 , കംബോഡിയന്‍ ജാക്ക്, സീഡ്ലെസ് ജാക്ക്, ഡെംഗ് സൂര്യ എന്നീ ഇനങ്ങളില്‍പ്പെട്ട പ്ലാവാണ് കൃഷി ചെയ്തിരിക്കുന്നത്.
പ്ലാവുകളില്‍ നിറയെ ചക്കയും.ജനുവരി, ജൂണ്‍ മാസങ്ങളാണ് ചക്കയുടെ സീസണ്. കംബോഡിയന്‍ ജാക്ക് മാത്രം നവംബറില്‍ കായ്ഫലം നല്കാന് തുടങ്ങും. ചക്കയുടെ വിപണനത്തിനായി ഒരിടത്തും പോകണ്ട. കച്ചവടക്കാര്‍ തോട്ടത്തിലെത്തി ശേഖരിക്കും. കിലോയ്ക്ക് 30 രൂപ നിരക്കില്‍ വില ലഭിക്കും. തോട്ടത്തിലെ ഏതാനും ഭാഗത്തെ റബര്‍ വെട്ടി നീക്കിയ ശേഷമാണ് പ്ലാവ് ഉള്‍പ്പെടെ പഴവര്‍ഗങ്ങളുടെ കൃഷി ആരംഭിച്ചത്.
ചക്ക പോഷകസമൃദ്ധം
പോഷകസമൃദ്ധമായ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് രാജീവ് മാത്യു പറയുന്നു. ചക്കച്ചുളയിലെ നാരുകള്‍ കുടലിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ദഹനപ്രക്രിയയ്ക്കും ഇത് ഉത്തമമാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. പാകമായ ചുളയില്‍ 74 ശതമാനം ജലാംശവും 23 ശതമാനം അന്നജവും രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
100 ഗ്രാം ചക്കയില്‍ നിന്ന് 85 കലോറി ഊര്‍ജം ലഭിക്കും. വിളര്‍ച്ച തടയാനും നല്ലതാണ്. ആസ്ത്മയ്ക്കും തൈറോയ്ഡിനും ഗുണപ്രദമാണ്. ഹോര്‍മോണ്‍ ഉത്പാദനം ക്രമപ്പെടുത്താനും സഹായകമാണ്. മഗ്നീഷ്യവും കാല്‍സ്യവും ഉള്ളതിനാല്‍ എല്ലുകളെ ബലപ്പെടുത്തും. ഇതിലെ വൈറ്റമിന്‍ സി കണ്ണുകളുടെ പരിരക്ഷയ്ക്കും പ്രയോജനകരമാണ്. ചക്കപ്പൊടി പ്രമേഹ നിയന്ത്രണത്തിനു ഫലപ്രദമാണെന്നാണ് പഠനറിപ്പോര്‍ട്ട് .
മറ്റു ഫലവൃക്ഷങ്ങള്‍
മലേഷ്യന്‍ ഇനമായ ചെമ്പടക്കാണ് കൃഷി ചെയ്തിരിക്കുന്ന മറ്റൊരിനം. ഏറെ സ്വാദിഷ്ഠമായ ഇത് നാലാം വര്‍ഷം കായ്ഫലം നല്‍കും. കിലോയ്ക്ക് 100 രൂപയാണ് വില. ഇതിനുപുറമേ റംബുട്ടാന്, മംഗോസ്റ്റിന്‍, പുലാസാന്, സീഡ്ലെസ് ലെമണ്‍ ,ഓറഞ്ച്, ദുരിയാന്‍, ഞാവല്‍, മട്ടോവ, അവക്കാഡോ, അച്ചാചെറു, മില്‍ക്ക് ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട് , നാടന്‍, റെഡ് ലേഡി ഇനത്തില്‍പ്പെട്ട പപ്പായ, മാവ്,ഞാലിപ്പൂവന് വാഴ എന്നിവയെല്ലാം തോട്ടത്തില്‍ സമൃദ്ധമായി വിളയുന്നു.
ഇതര വിളകള്‍
മൂന്നരയേക്കരില് റബര്‍ കൃഷിയുണ്ട്. കാസര്‍ഗോഡന്‍ ഇനത്തില്‍പ്പെട്ട കമുക് - 500, ജാതി - 200, കരിമുണ്ടയിനം കുരുമുളക് ,തെങ്ങ് എന്നിവയും കൃഷി ചെയ്തിട്ടുണ്ട് .കുരുമുളക് കൃഷി വിപുലീകരിക്കുന്നതിന് താങ്ങുകാലായി പയ്യാനി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയുമുണ്ട്. വിത്ത് വിതയും കൊയ്ത്തുമെല്ലാം യന്ത്രം ഉപയോഗിച്ചാണ്. കിലോയ്ക്ക് 25 - 30 രൂപ നിരക്കിലാണ് നെല്ല് വില്പന നടത്തുന്നത്.
നനയും വളപ്രയോഗവും
ചെടികള്‍ക്ക് കുളത്തില്‍ നിന്ന് പമ്പുചെയ്ത് പൈപ്പിലൂടെയാണ് വെള്ളം എത്തിക്കുന്നത്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ഇതുവരെയും ഒരുതരി രാസവളം ഉപയോഗിച്ചിട്ടില്ല. രണ്ടു വെച്ചൂര്‍ ഇനം പശുക്കളെ വളര്‍ത്തുന്നുണ്ട്. ഇതിന്റെ ചാണകമാണ് ചെടികള്‍ക്ക് നല്‍കുന്നത്. ഇതിനുപുറമേ ചാണകം 10 കിലോ, ഗോമൂത്രം 10 ലിറ്റര്‍, പയറുപൊടി രണ്ടു കിലോ, ശര്‍ക്കര രണ്ട് കിലോ എന്നിവ 200 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തയാറാക്കുന്ന ജീവാമൃതമാണ് കൃത്യമായ അളവില്‍ ചെടികള്‍ക്ക് നല്‍കുന്നത്.
വിളകള്‍ ഉണങ്ങിയെടുക്കുന്നതിനായി ഒരു ഡ്രയര്‍ യൂണിറ്റുമുണ്ട്. 75,000 രൂപ ചെലവഴിച്ചാണ് ഡ്രയര്‍ വാങ്ങിയത്. 50 കിലോയോളം സാധനങ്ങള്‍ ഇതില്‍ ഉണക്കിയെടുക്കാനാവും.
ഭാര്യ മറിയാമ്മയുടെയും എന്‍ജിനിയര്‍മാരായ മക്കൾ അഞ്ജു ,അലന്, അരുണ്‍ എന്നിവരുടെയും പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും രാജീവിന് കരുത്ത് പകരുന്നു.
Tags : nattu vishesham Rajeev cultivates jackfruit