പുളിങ്കുന്നിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി ട്രോഫി ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളി റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പുളിങ്കുന്ന്: പുളിങ്കുന്ന് ആറിന്റെ ഇരുകരകളിലും തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന അത്യന്തം വാശിയേറിയ രാജീവ് ഗാന്ധി ട്രോഫി ചാന്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിയിൽ അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ ജേതാവായി. കൈനകരി യുബിസി ഫാൻസ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
ഹീറ്റ്സിൽ രണ്ടാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നാം സ്ഥാനവും മൂന്നാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴഞ്ഞ ആർപ്പുക്കര ചുണ്ടൻ ഒന്നാം സ്ഥാനവും നേടി.
ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം പിബിസി കുമരകത്തിന്റെ സെന്റ് ജോസഫും വിബിസി തലവടിയുടെ വലിയപണ്ഠിതൻ രണ്ടാം സ്ഥാനവും ബിബിസി പായിപ്പാടിന്റെ ദാനിയേൽ മൂന്നാംസ്ഥാനവും നേടി. എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ പിജി കർണൻ ടിടിബിസി കുന്നുമ്മ ഒന്നാംസ്ഥാനവും ബിബിസി കുമരകത്തിന്റെ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി.
റെജി ചെറിയാൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. ഓരോ വള്ളംകളിയും പ്രദേശത്തിന്റെ തനത് ഉത്സവമായി ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ് പതാക ഉയർത്തി. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ വെന്പാടന്തറ അധ്യക്ഷനായി. സി.കെ. സദാശിവൻ, എ.എ. ഷുക്കൂർ, മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സിബിഎലിന്റെ പ്രധാന വേദികളിലൊന്നായ പുളിങ്കുന്നിൽ ഒന്പത് ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ചെറുവള്ളങ്ങളുടെ പ്രദർശന മത്സരവും നടന്നു.
Tags :