കോട്ടയം: നാട്ടിലെങ്ങും ഇനി റംബൂട്ടാന് ദിനങ്ങള്‍. മാമ്പഴക്കാലവും ചക്കക്കാലവും പതുക്കെ അവസാനിച്ചു. ഇനിയുള്ള ഏതാനും മാസങ്ങള്‍ റംബൂട്ടാന് പഴവര്‍ഗ വിപണി കീഴടക്കും. മാമ്പഴ വിപണിയില്‍ ചിലയിടങ്ങളില്‍ റംബൂട്ടാന് എത്തിത്തുടങ്ങിട്ടുണ്ട്. ആദ്യഘട്ടത്തില്‍ റംബൂട്ടാന് പഴത്തിനു കിലോഗ്രാമിനു 200 രൂപ മുതലാണ് ഈടാക്കുന്നത്.
ജില്ലയിലെ വിവിധ മേഖലകളില്‍ റംബൂട്ടാന് ഇക്കുറി നേരത്തെ വിളഞ്ഞുതുടങ്ങിയിട്ടുണ്ട്. പല കൃഷിക്കാരും വവ്വാലുകളില്‍നിന്നും മറ്റു പക്ഷികളില്‍നിന്നും പഴങ്ങളെ സംരക്ഷിക്കാൻ മരങ്ങളില്‍ വലവിരിച്ചു. കച്ചവടക്കാര്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെയെത്തി ഉടമകളോടു വില പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ദിവസങ്ങള്‍ കഴിയുന്നതോടെ കൂടുതല്‍ പഴങ്ങള്‍ വിപണിയിൽ എത്തുകയും വില കുത്തനെ താഴുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.
പരമാവധി വില ലഭിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍തന്നെ കൃഷിക്കാര്‍ പഴങ്ങള്‍ വില്പന നടത്താന്‍ ശ്രമിക്കുന്നത്. റംബൂട്ടാനൊപ്പം മങ്കോസ്റ്റിനും വിപണിയില്‍ എത്തിയിട്ടുണ്ട്. ഇവയ്ക്കും കിലോഗ്രാമിന് 200 രൂപ മുതലാണ് വില. ദിവസങ്ങള്‍ കഴിയുന്നതോടെ വഴിയോരങ്ങളിലെല്ലാം റംബൂട്ടാന് വിപണി സജീവമാകും.
റബര്‍ വില കുറയുകയും ടാപ്പിംഗിന് ആളുകളെ കിട്ടാതെ വരികയും ചെയ്തതോടെ നിരവധി പേരാണ് റബര്‍ മരങ്ങള്‍ വെട്ടിയശേഷം റംബൂട്ടാന് ഉള്‍പ്പെടെയുള്ള ഫലവര്‍ഗങ്ങള്‍ വ്യാപകമായി കൃഷി ചെയ്യുന്നത്. പാറത്തോട്, പിണ്ണാക്കനാട്, തിടനാട്, കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ റംബൂട്ടാന് കൃഷിയുള്ളത്. മല്ലികശേരി, പിണ്ണാക്കനാട് പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിനു തോട്ടങ്ങളുണ്ട്. റംബൂട്ടാന് തൈകള്‍ വില്‍ക്കുന്ന നഴ്സറികളും സജീവമാണ്.
Tags : nattu vishesham Rambutan Days Country