ഉപ്പുതറ: ബലാത്സംഗ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തുകയും കേസ് കോടതിയില്‍ ചാര്‍ജ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ ഗുരുതര കൃത്യവിലോപം കാട്ടുകയും ചെയ്ത ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. 2012 ല്‍ ഉപ്പുതറ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ബലാത്സംഗ കേസിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായതായി പരാതി ഉയര്‍ന്നത്.
ഈ സമയം പീരുമേട് ഡിവൈഎസ്പിയായിരുന്ന പി.വി. മനോജ് കുമാര്‍, സിഐ വി. ഷിബു കുമാര്‍, എസ്ഐമാരായിരുന്ന എസ്. എം. റിയാസ്, ആര്.മധു, ഇ. കെ. സോള്‍ജി മോന്, എസ്. കിരണ്‍ , സുമിത് ജോസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതിജീവിതയുടെ അമ്മയുടെ മൊഴിയില്‍ ഉപ്പുതറ പോലീസ് ചാര്‍ജ് ചെയ്ത ക്രൈം 215/2012 കേസില്‍ പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിലാണ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയത്. കോടതി പരാമര്‍ശം ഉണ്ടായതോടെ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തുകയും സംസ്ഥാന പോലീസ് മേധാവി കോടതിക്ക് പ്രത്യേകം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
2012 ല്‍ എസ്ഐയായിരുന്ന സിബി ഫ്രാന്‍സിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പീരുമേട് സിഐ ടി.ആര്. പ്രദീപ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി 2013 മെയ് ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ കൃത്യം നടന്ന സ്ഥലം ഉള്‍പ്പെടെ ചില പ്രധാന വിവരങ്ങള്‍ മഹസറില്‍ ഉണ്ടായിരുന്നില്ല. ഇതുകാരണം കേസ് ഫയലില്‍ സ്വീകരിക്കാതെ കോടതി തിരിച്ചയച്ചു. അപാകത പരിഹരിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ 2013 ജൂലൈ എട്ടിന് പീരുമേട് സിഐ ഓഫീസില്‍ തിരികെ എത്തുകയും ഉപ്പുതറ പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറുകയും ചെയ്ത ഫയല്‍ തിരികെ കോടതിയില്‍ എത്തിച്ചില്ല. മാറി വന്ന ഉദ്യോഗസ്ഥരും കേസ് ഫയലില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
അതിജീവിതയുടെ അമ്മയായ കേസിലെ ഒന്നാം സാക്ഷി ഒന്‍പത് വര്‍ഷം മുന്‍പ് മരിച്ചു. ഫയല്‍ കാണാനില്ലാത്തതിനാല്‍ കേസിന്റെ ചാര്‍ജ് ഷീറ്റ്, ഇരയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പ്രതിയുടെ പൊട്ടന്‍സി സര്‍ട്ടിഫിക്കറ്റ്, കൃത്യസ്ഥല മഹസറുകള്‍, അതിജീവിതയുടെ സ്കൂള്‍ അഡ്മിഷന് എക്സ്ട്രാക്ട്, സാക്ഷി മൊഴികളുടെ അസല്‍ എന്നിവ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതെല്ലാം ഉണ്ടെങ്കിലേ കോടതി കേസ് ഫലില്‍ സ്വീകരിക്കുകയുള്ളു. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്ഐ സുമിത് ജോസ് ഇതിനിടെ ജോലി രാജിവച്ചു. കേസ് ഫയല്‍ ഉപ്പുതറ സ്റ്റേഷനിലേയ്ക്ക് കൈമാറിയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ ടി. ആര്. പ്രദീപ് കുമാറിനെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അപാകത പരിഹരിക്കുന്നതിന് ഉപ്പുതറ പോലീസ് സ്റ്റേഷനിലേയ്ക്ക് ഫയല്‍ നല്‍കിയത് സംബന്ധിച്ച് രേഖയില്ല.
Tags : Rape case nattuvishesham local news