നെയ്യാറ്റിന്‍കര : ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് ചികിത്സയ്ക്കെത്തി മരണമടഞ്ഞ നെയ്യാറ്റിന്‍കര റെയിൽവേ സ്റ്റേഷന് സമീപം കൂട്ടപ്പന ലക്ഷ്മി ഭവനിൽ രാജേഷ് കുമാറിന്റെ സംസ്കാരം നടത്തി.
വീട്ടുവളപ്പില്‍ മാതാപിതാക്കളുടെ കല്ലറകള്‍ക്കു സമീപം തയാറാക്കിയ കല്ലറയില്‍ രാജേഷിന്റെ മൃതശരീരം അടക്കിയപ്പോള്‍ ചുറ്റുംനിന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ കണ്ണുകള്‍ നിറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയെങ്കിലും ദുബായിലുള്ള ഏക മകന് നിഖില്‍ നാട്ടില്‍ എത്തിയതിനുശേഷം സംസ്കാര ചടങ്ങുകള്‍ നടത്തിയാല്‍ മതിയെന്ന് അടുത്ത ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
സ്വകാര്യ കന്പനിയിലെ ജീവനക്കാരനായ നിഖില്‍ കഴിഞ്ഞ ദിവസം രാത്രിയോടെത്ത ന്നെ കൂട്ടപ്പനയില്‍ എത്തിച്ചേരുകയുണ്ടായി. അതേ സമയം, രാജേഷിന്റെ ബന്ധുക്കള്‍ ചികിത്സ വൈകിയെന്ന പരാതി ആരോഗ്യവകുപ്പിനും നെയ്യാറ്റിന്‍കര പോലീസിനും നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ രോഗിയെ തടഞ്ഞുവെന്ന ആരോപണ വിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണ വിധേയമായി പിരിച്ചുവിട്ടു.
ചികിത്സ സംബന്ധിച്ചു യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്തായാലും ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.