പയ്യാവൂർ: കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ റോഡുകളുടെ വികസനത്തിനുള്ള സിആർഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ പയ്യാവൂർ-കുന്നത്തുർപാടി-കാഞ്ഞിരക്കൊല്ലി- മണിക്കടവ്-നുച്യാട് റോഡിന്റെ 26 കിലോമീറ്റർ പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകി.
റോഡിന് സിആർഎഫ് പദ്ധതിയിൽ 60 കോടി രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥർ റോഡ് സന്ദർശിക്കുകയും എസ്റ്റിമേറ്റ് തയാറാക്കി സംസ്ഥാന ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഭരണാനുമതി ലഭിക്കാത്തതിൽ നാട്ടുകാർ ആശങ്കയിലാണെന്നും നിവേദനത്തിൽ പറയുന്നു. എത്രയും വേഗം ഭരണാനുമതി നൽകി ഈ സാമ്പത്തിക വർഷം തന്നെ നവീകരണം തുടങ്ങണമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയംഗം വി.എൻ. രവിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സജീവ് ജോസഫ് എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, സി. സദാനന്ദൻ എംപി, ചീഫ് എൻജിനീയർ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.
Tags : road reconstruction