ചിറ്റടിപ്പുഴയിൽ സ്ഥാപിച്ചിട്ടുള്ള ഗേജ് പോസ്റ്റിൽ ജലനിരപ്പ് കണക്കാക്കുന്ന ജോസ്.
വടക്കഞ്ചേരി: ചിറ്റടിപ്പുഴയിലെ ജലനിരപ്പളന്ന് അപ്പപ്പോൾ ബന്ധപ്പെട്ട അധികൃതർക്ക് അറിയിപ്പ് നൽകുന്നത് ചിറ്റടിയിലെ തെക്കേക്കര വീട്ടുകാർ.
പുഴയ്ക്കുസമീപം താമസിച്ചിരുന്ന തെക്കേക്കര ആന്റണിയാണ് ജലനിരപ്പിന്റെ ആദ്യ അളവുകാരനായിരുന്നത്. ആന്റണിക്കുശേഷം നാല് പതിറ്റാണ്ടിലേറെയായി അറുപത്തിനാലുകാരനായ ജോസാണ് പുഴയിലെ ജലനിരപ്പ് അളന്ന് പാലക്കാട്ടെ ഹൈഡ്രോളജി വിഭാഗത്തിന് കൈമാറുന്നത്.
ദിവസവും മൂന്നുനേരം ജലനിരപ്പളന്ന് അറിയിക്കണം. രാവിലെ എട്ടിനും ഉച്ചയ്ക്ക് 12 നും വൈകീട്ട് നാലിനും. ഭാര്യ തങ്കമ്മയാണ് സഹായി. ജോസിന് എന്തെങ്കിലും അസൗകര്യം വന്നാൽ അവരാകും ഗേജ് റീഡർ.
ഒഴുക്ക് കണക്കാക്കാനും തെക്കേക്കര സ്റ്റൈൽ
ഇതുകൂടാതെ പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കണക്കാക്കുന്ന പണി കൂടിയുണ്ട്. ഉണങ്ങിയ നാളികേരത്തൊണ്ട് പുഴയിൽ എറിഞ്ഞുള്ള ലളിതമായ രീതിയാണിത്.
നാളികേരത്തൊണ്ട് 30 മീറ്റർ കടന്നുപോകാൻ എടുക്കുന്ന സമയമാണ് കുറിച്ചുവയ്ക്കുക. ഇതിനായി പുഴക്കരയിൽ 30 മീറ്റർ അകലത്തിൽ രണ്ട് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
മഴയില്ലാത്തതിനാൽ പുഴയിലെ ജലനിരപ്പ് ഇപ്പോൾ നന്നേ താഴ്ന്ന നിലയിലാണ്. ഇതിനാൽ നാളികേരത്തൊണ്ട് 30 മീറ്റർ കടക്കാൻ 85 സെക്കൻഡ് വരെ എടുക്കുന്നുണ്ടെന്ന് ജോസ് പറഞ്ഞു. നല്ല ഒഴുക്കുള്ള സമയങ്ങളിൽ 15 സെക്കൻഡ് മുതൽ 18 സെക്കൻഡ് കൊണ്ട് 30 മീറ്റർ കടക്കും.
ഒലിപ്പാറ മലകളിൽനിന്ന് നേരിട്ടെത്തുന്ന വെള്ളമാണ് ചിറ്റടിപ്പുഴ വഴി കടന്നു പോകുന്നത്. ഈവർഷം ചിറ്റടിപ്പുഴ നിറഞ്ഞ് മൂന്നര മീറ്റർ ഉയരത്തിൽ ഒഴുകിയത് ഒരുദിവസം മാത്രം. മുൻവർഷങ്ങളിലെല്ലാം കാലവർഷത്തിൽ നിരവധി ദിവസങ്ങളിൽ ഉയർന്ന ജലനിരപ്പുണ്ടായിട്ടുണ്ടെന്ന് ജോസ് പറഞ്ഞു.
തുലാമഴ ഉണ്ടായില്ലെങ്കിൽ ഇക്കുറി വേനലിൽ കുടിക്കാൻപോലും വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നാണ് നാലു പതിറ്റാണ്ട് കാലത്തെ അനുഭവങ്ങളിലൂടെ ജോസ് പറയുന്നത്. ദിവസവും മൂന്നുനേരം കൃത്യമായി ഈ അളവു നോട്ടത്തിന് ഇറിഗേഷൻ വകുപ്പിലെ ഹൈഡ്രോളജി വിഭാഗത്തിൽനിന്ന് ചെറിയൊരു പ്രതിഫലമുണ്ട്.
12 രൂപ മാസവരുമാനവുമായി പിതാവ് ആന്റണി തുടങ്ങിവച്ച തൊഴിൽ അങ്ങനെ തെക്കേക്കര വീട്ടുകാർ തുടരുകയാണ്.
Tags : NattuVishesham DistrictNews