മുളന്തുരുത്തി: ആമ്പല്ലൂര്‍ ഞണ്ടുകാട് തുരുത്തില് നിര്‍മാണത്തിലിരുന്ന റിസോര്‍ട്ടില്‍ തൊഴിലാളികളുടെ മദ്യപാനത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചയാളും പ്രതിയും വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ്. കൊല്ലം മയ്യനാട് മുക്കം പുളിമൂട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് മീന്മുട്ടി ചുണ്ടാല്‍ ബിജു വിലാസത്തില്‍ ബിജുരാജ് (47) ആണ് മുളന്തുരുത്തി പോലീസിന്റെ പിടിയിലായത്.
വര്‍ക്കല സ്വദേശിയായ കോണ്ട്രാക്ടര് മനാഫിന്റെ തൊഴിലാളികളായിരുന്നു ഇരുവരും. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജുരാജും മുജീബും തമ്മില്‍ മദ്യപിച്ചതിന് ശേഷം വഴക്കിടുന്നത് പതിവായിരുന്നുവെന്നും ഇതുമൂലം ഇരുവരെയും ഒരുമിച്ച് ജോലിക്ക് നിയോഗിക്കാന്‍ മനാഫ് തയാറായിരുന്നില്ലെന്നുമാണ് പറയുന്നത്.
എന്നാല്‍ റിസോര്‍ട്ടിലെ വെല്‍ഡിംഗ് ജോലികള്‍ പെട്ടെന്ന് പൂര്ത്തിയാക്കേണ്ടതുണ്ടായതിനാലാണ് ഇരുവരെയും ഒരുമിച്ച് ജോലിക്കയച്ചത്. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മുജീബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം ബിജുരാജ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വര്‍ക്കല സ്വദേശി രഞ്ജിത്താണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജുരാജ് ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. യഥാര്‍ഥ പേരും വിലാസവും മറച്ചുവച്ച് പോലീസിനെ കബളിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു.
സംശയം തോന്നാതിരിക്കാനായി ഐഡി കാര്‍ഡുകളും രേഖകളുമടങ്ങിയ പേഴ്സ്, പുഴയില്‍ എറിഞ്ഞ് തെളിവ് നശിപ്പിക്കാനും ശ്രമിച്ചെങ്കിലും പുഴയുടെ തീരത്ത് പൊങ്ങിക്കിടന്ന നിലയില്‍ പേഴ്സ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുരാജിനെ തിരിച്ചറിഞ്ഞത്. ബിജുരാജിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുള്ളതായി പറയുന്നു.
അതേസമയം കൊലപാതകം നടന്ന ഞണ്ടുകാട് തുരുത്തിലെ റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയാണെന്ന് ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റെ കെ.ജി. രഞ്ജിത്ത് പറഞ്ഞു. നിര്‍മാണത്തിനെതിരെ നേരത്തേ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ജോലികള്‍ തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു. മരിച്ച മുജീബിന്റെ ഭാര്യ: സമീറ.
Tags : Local News Nattuvishesham Ernakulam