റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലെ ശാസ്ത്രനാടകത്തിൽ ഒന്നാം സ്ഥാനം നേടിയ മമ്പറം ഹയർ സെക്കൻഡറി സ്കൂളിന്റെ നാടകത്തിൽ നിന്ന്.
തളിപ്പറന്പ്: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി. ഇന്നലെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹൈസ്കൂൾ വിഭാഗം ശാസ്ത്ര നാടകത്തിൽ മമ്പറം ഹയർ സെക്കൻഡറി സ്കൂളിന്റെ "വടംബലി' ഒന്നാം സ്ഥാനം നേടി. ശാസ്ത്രവും പരിസ്ഥിതി ബോധവും കോർത്തിണക്കിയ നാടകമാണ് അവതരിപ്പിച്ചത്. രണ്ട് ടീമുകൾ മാത്രം പങ്കെടുത്ത മത്സരത്തിൽ ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. മമ്പറം എച്ച്എസ്എസിലെ നിയോൺ കെ. ദിനേശ് മികച്ച നടനായി. ഇരിക്കൂർ ജിഎച്ച്എസ്എസിലെ കെ.ആരാധ്യയാണ് മികച്ച നടി.
ശാസ്ത്രനാടക മത്സരത്തിൽ സ്കൂളുകളുടെ പങ്കാളിത്തത്തിലും വലിയ കുറവാണ് ഇത്തവണ ഉണ്ടായത്. 15 ഉപജില്ലകളിൽ നിന്നുള്ള സ്കൂളുകൾ പങ്കെടുക്കേണ്ടതിൽ ഇത്തവണ മാറ്റുരച്ചത് രണ്ട് സ്കൂളുകൾ മാത്രമാണ്. ശാസ്ത്ര നാടക മത്സരം തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എ. ദേവിക അധ്യക്ഷത വഹിച്ചു. ജി. പ്രമോദ്കുമാർ, കെ.വി. സുനിൽകുമാർ, ടി.പി. ഷഫീഖ്, സന്തോഷ് കുമാർ, ഇ.കെ. രമേശൻ, പി.കെ.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശാസ്ത്രമേളയുടെ വിവിധ മത്സരങ്ങൾ രണ്ടിനും മൂന്നിനും തളിപ്പറമ്പിലും പരിസരത്തുമുള്ള നാല് സ്കൂളുകളിലായി അരങ്ങേറും. ശാസ്ത്രമേള മൂത്തേടത്ത് ഹയർ സെക്കന്ഡറി സ്കൂളിലും, ഗണിത ശാസ്ത്രമേള സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലും, പ്രവൃത്തി പരിചയമേള സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിലും, സാമൂഹ്യശാസ്ത്ര-ഐ.ടി.മേള ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുക. ഔപചാരികമായ ഉദ്ഘാടനം നാളെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ നിർവഹിക്കും.
Tags :