ഒറ്റപ്പാലം: വേനൽമഴ തുടർന്നേക്കും, കർഷകർക്കു വൻനഷ്ടം. കുംഭച്ചൂടിൽ വെന്തുരുകിയ വേനലിൽ ആശ്വാസത്തിന്റെ അമൃതം വർഷിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴയെത്തിയതെങ്കിലും ഒറ്റപ്പാലമടക്കമുള്ള മേഖലകളിൽ വലിയനഷ്ടമാണ് നെൽകർഷകർക്കുണ്ടായത്. കൊയ്തെടുത്ത നെല്ലെല്ലാം വേനൽമഴയിൽ നനഞ്ഞു നശിച്ചതാണു കാരണം.
ചുനങ്ങാട് മുട്ടിപ്പാലത്തുമാത്രം കൊയ്തെടുത്തു ചാക്കുകളിലായി പാടശേഖരത്തിൽ സൂക്ഷിച്ച 35 ടണ്ണോളം നെല്ലാണ് മഴനനഞ്ഞു നശിച്ചത്. ഇതു വെയിലത്ത് ഉണക്കിനോക്കിയെങ്കിലും മുളവന്ന സ്ഥിതിയാണ്. തിരുമിറ്റക്കോട്, തൃത്താല, നാഗലശ്ശേരി, ചാലിശ്ശേരി, പരുതൂർ അടക്കമുള്ള പഞ്ചായത്തുകളിലും കൊയ്തെടുത്ത് നെൽപ്പാടത്തു സൂക്ഷിച്ചിരുന്ന നെല്ല് മുഴുവൻ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ നനഞ്ഞു തീർന്നു.
നെല്ലുസംഭരണം നീട്ടിക്കൊണ്ടുപോയതാണ് ഇപ്പോഴത്തെ ദുരിതത്തിനു കാരണം. രണ്ടാംവിള നെല്ലെടുപ്പ് ആരംഭിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സഹകരണസംഘങ്ങൾ മുഖേനയാണോ അതോ പതിവു രീതിയിലാണോ നെല്ലെടുക്കേണ്ടത് എന്നതിലുള്ള തീരുമാനം നീണ്ടതും വിനയായി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പല കർഷകർക്കും വേനൽമഴയിൽ നെല്ല് നശിച്ചതായി പരാതിയുണ്ട്. വെയിലത്ത് ഉണക്കി സംരക്ഷിച്ച് ഇവ വിൽക്കാനുള്ള ശ്രമത്തിലാണ് കർഷകർ. എന്നാൽ ഇതെത്രമാത്രം കാര്യക്ഷമമാകും എന്നകാര്യം കണ്ടറിയണം.