പ്രതീകാത്മക ചിത്രം
കോഴിക്കോട്: കേരള സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി കൊടുവള്ളി നഗരസഭയിൽ ആരംഭിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 45.40 ലക്ഷം വിനിയോഗിക്കുന്നതിന് അനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എംഎൽഎ അറിയിച്ചു.
നഗരസഭ സാമൂഹ്യസുരക്ഷാ മിഷന് നൽകിയ തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുക. ഇതുസംബന്ധിച്ച് മിഷൻ ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി മെഡിക്കൽ ഓഫീസറെയും സ്റ്റാഫ് നഴ്സിനെയും നിയമിക്കും. ആവശ്യമായ മരുന്നുകളും വാഹനസൗകര്യവും മിഷൻ ലഭ്യമാക്കും.പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ മരുന്നുവിതരണം, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, നിയമസഹായ ബോധവത്കരണം, മാനസിക ഉല്ലാസ പരിപാടികൾ എന്നിവ ഒരുക്കും. വയോജനങ്ങൾക്ക് ആവശ്യമായ ആരോഗ്യപരിചരണവും സാമൂഹിക പിന്തുണയും സമീപപ്രദേശങ്ങളിൽ തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി എത്രയും വേഗം പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.
Tags :