ആലത്തൂർ: പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി ആലത്തൂർ സബ് ആർടിഒ ഓഫീസിന്റെ നേതൃത്വത്തിൽ ആലത്തൂർ താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെര്‍മിറ്റ്, വിദ്യാ വാഹന്‍ ആപ്പ് , സ്പീഡ് ഗവര്‍ണര്‍, ജിപിഎസ് കാമറ എന്നിവ പരിശോധിച്ചു. മേയ് 16 മുതല്‍ 30 വരെ വിവിധ ഘട്ടങ്ങളിലായി നടന്ന പരിശോധനക്ക് ഹാജരാക്കിയ 167 വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു നൽകി.
പിഴവ് കണ്ടെത്തിയ 15 വാഹനങ്ങൾക്ക് അവ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദേശം നൽകി. ഹാജരാക്കാൻ കഴിയാതിരുന്ന മുഴുവൻ വാഹനങ്ങളും വരുംദിവസങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി സ്റ്റിക്കർ പതിക്കേണ്ടതാണെന്നും അല്ലാത്ത വാഹനങ്ങൾ വിദ്യാർഥികളുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും ജോയിന്റ് ആർടിഒ കെ.ആര്. രാജു പറഞ്ഞു.
എംവിഐ സുരേഷ് കെ. വിജയന്റെ നേതൃത്വത്തിൽ എഎംവിഐ മാരായ പ്രശാന്ത് പി. പിള്ള, പി.ടി. സനീഷ് , ജിയോ ജെ . വാഴപ്പിള്ളി, സോണി സോളമന് എന്നിവർ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി.
Tags : nattu vishesham Safety inspection school vehicles