ആലപ്പുഴ: സഹൃദയ ആശുപത്രിയുടെ വജ്രജൂബിലി വർഷാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. ആശുപത്രിയുടെ ഹോം ഡേ ആഘോഷവും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന്റെ (എൻഎബിഎച്ച്) ആറാം പതിപ്പ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കും.
വൈകിട്ട് 3.30ന് വിശുദ്ധ കുർബാന, വൈകിട്ട് 5.30ന് ഔദ്യോഗിക പരിപാടികൾ ആരംഭിക്കും. മന്ത്രി എം. ലിജു ചടങ്ങ് ഉദ്ഘാടനം ചെയ്യും. എൻഎബിഎച്ച് ആറാം പതിപ്പ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് സമർപ്പണവും ചടങ്ങിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വജ്രജൂബിലി ലോഗോ പ്രകാശനം നിർവഹിക്കും.
സഹൃദയ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാലിയേക്കൽ, സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് വികാരി ജനറാൾ ഫാ.ഡോ. ജോൺ തെക്കേക്കര, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, റെജി ചെറിയാൻ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ എന്നിവർ പ്രസംഗിക്കും.
സഹൃദയ ആശുപത്രിയുടെ 60 വർഷത്തെ സേവനപാരമ്പര്യവും നേട്ടങ്ങളും ഓർമപ്പെടുത്തുന്നതിനൊപ്പം ഭാവിയിലും തുടർന്നുള്ള ആരോഗ്യസേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് വജ്രജൂബിലി ആഘോഷം. വൈക്കം വിജയലക്ഷ്മിയുടെ സാംസ്കാരിക പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും.
Tags : Nattuvishesham Districtnews Deepikanews Sahridaya Hospital's