നെടുങ്കണ്ടം: വൈദ്യുതി ട്രാൻസ്ഫോമർ ഓഫ് ചെയ്തശേഷം വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് ഏലക്കാ മോഷണം പതിവാക്കിയ പ്രതി അറസ്റ്റിൽ. നെടുങ്കണ്ടം മൈലാടുംപാറ സ്വദേശി തമ്പി (57)യെയാണ് നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം ടൗണിലും സമീപപ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഏലക്കാ മോഷണം നടത്തിയ കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മോഷണം നടത്തേണ്ട സ്ഥാപനം മുൻകൂട്ടി കണ്ടെത്തുന്ന പ്രതി രാത്രിയിലെത്തി പ്രദേശത്തെ വൈദ്യുതി ട്രാൻസ്ഫോർമർ ഓഫ് ചെയ്യും. സിസി ടിവി ദൃശ്യങ്ങൾ മറച്ചശേഷം ഇരുമ്പായുധങ്ങൾ ഉപയോഗിച്ച് പൂട്ട് തകർത്ത് മോഷണം നടത്തുന്നതാണ് രീതി.
കഴിഞ്ഞ മാസം 26ന് അർധരാത്രിക്കുശേഷം കല്ലാർ സ്വദേശി ഷെമീറിന്റെ കട കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപയോളം വിലവരുന്ന 50 കിലോ ഏലക്കാ മോഷ്ടിച്ച സംഭവമാണ് പ്രതിയെ പിടികൂടുന്നതിലേക്കു നയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച നെടുങ്കണ്ടം പൊലിസ് സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടന്ന സമയത്ത് മേഖലയിലൂടെ കടന്നുപോയ ഓട്ടോറിക്ഷ കണ്ടെത്തുകയും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഏലക്കായുടെ വില വർധിച്ചതോടെ ഹൈറേഞ്ച് മേഖലയിൽ മോഷണസംഘങ്ങൾ സജീവമാണ്. തോട്ടങ്ങളിൽനിന്ന് പച്ച ഏലക്കായും വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഉണക്ക ഏലക്കായും മോഷണം പോകുന്ന സംഭവങ്ങൾ കർഷകരെയും വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
Tags : Nattuvishesham Districtnews Deepikanews Man who stole