വിദ്യാശ്രീ പദ്ധതി അവലോകന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത തുടര്‍വിദ്യാഭ്യാസ സൗജന്യ പദ്ധതി ഊര്‍ജിതമായി നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 4,00,000 രൂപ സാക്ഷരതമിഷന്‍ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അറിയിച്ചു.
പ്രേരക്മാരുടെ ജില്ലാതല അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
പല കാരണങ്ങളാല്‍ പഠനം മുങ്ങിപ്പോയ സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് പദ്ധതി പ്രയോജനകരമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ല സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ യോഗ്യരായ 100 പേര്‍ക്ക് വീതം പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകള്‍ക്ക് സൗജന്യമായി സാക്ഷരതാമിഷന്‍ വഴി പ്രവേശനം നല്‍കും.
17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താം തരത്തിനും പത്താംതരം വിജയിച്ച് 22 വയസ് പൂര്‍ത്തിയായവര്‍ക്ക് പന്ത്രണ്ടാം തരം തുല്യത കോഴ്സിനും സൗജന്യ രജിസ്ട്രേഷന് നടത്താം. ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും പത്താംതരം, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കോഴ്സ് സൗജന്യമാണ്. ഞായറാഴ്ചകളിലും പൊതുഅവധി ദിസങ്ങളിലുമാണ് ക്ലാസ്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 12 വരെ പിഴ കൂടാതെയും 15 വരെ 50 രൂപ പിഴയോടു കൂടിയും അപേക്ഷിക്കാം.
താല്പര്യമുള്ളവര് വയസ്, വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അതാത് ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരത പ്രേരക്മാരുമായി ബന്ധപ്പെടണം. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്. സിംല, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Continuing Education