കൊഴുവല്ലൂര്‍: വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തില്‍ സ്ഥാപിതമായ കൊഴുവല്ലൂര്‍ ലിറ്റില്‍ ഫ്ലവര്‍ റോമന്‍ കത്തോലിക്ക പള്ളിയിലെ പാദുകാവല്‍ തിരുനാള്‍ എട്ടു മുതല്‍ 11 വരെ വിവിധ ആത്മീയ പരിപാടികളോടെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് കുടുംബങ്ങളുടെ ആത്മീയ നവീകരണത്തിനായി നാളെ മുതല്‍ ഏഴുവരെ ധ്യാനവും സംഘടിപ്പിച്ചിട്ടുണ്ട്.
എട്ടിനു വൈകുന്നേരം അഞ്ചിന് ജപമാലയും ലിറ്റിനിയും നടക്കും. 5.45ന് ഇടവക വികാരി ഫാ. സഹായ റൂബിന്‍സ് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും.ആറിന് വിശുദ്ധ കുര്‍ബാനയ്ക്ക് പുനലൂര്‍ രൂപത ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. വിപിന്‍ ബേബി മുഖ്യകാര്‍മികത്വം വഹിക്കും. വയല സെന്റ് പോള്‍സ് പള്ളി വികാരി ഫാ. ആന്റണി ഫെര്‍ണാണ്ടസ് വചനപ്രഘോഷണം നിര്‍വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന.
ഒമ്പതിനു വൈകുന്നേരം 5.30ന് ജപമാലയും ലിറ്റിനിയും നടക്കും. ആറിന് അടൂര്‍ സെന്റ് ജോണ്‍ ഓഫ് ദ് ക്രോസ് ഇടവക വികാരി ഫാ. ജോസ് വെച്ചുവെട്ടിക്കല്‍ മുഖ്യകാര്‍മികനായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പുനലൂര്‍ രൂപത കെസിവൈഎം ഡയറക്ടറും യൂത്ത് മിനിസ്ട്രി കോ -ഓര്‍ഡിനേറ്ററുമായ ഫാ. ബിബിന്‍ സെബാസ്റ്റ്യന്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന.
പത്തിനു വൈകുന്നേരം 4.30ന് ജപമാല, ലിറ്റിനി. തുടര്‍ന്ന് നെല്ലിമുകള്‍ സെന്റ് ജോസഫ്സ് പള്ളി സഹവികാരി ഫാ. ജിത്ത് ഫ്രാന്‍സിസ് വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. സെന്റ് തെരേസ കുടുംബ യൂണിറ്റില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം സെന്റ് മേരീസ്, ലിറ്റില്‍ ഫ്ലവര്‍, സെന്റ് സെബാസ്റ്റ്യന്‍ കുടുംബ യൂണിറ്റ് തുടങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് സെന്റ് ജോര്‍ജ് കുരിശടിവഴി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ദിവ്യകാരുണ്യ ആശീര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.
11നു രാവിലെ 10ന് ജപമാലയും ലിറ്റിനിയും നടക്കും. തുടര്‍ന്ന് 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ പുനലൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോണ്സണ് ജോസഫ് മുഖ്യകാര്‍മികത്വം വഹിക്കും. പടപ്പക്കര സെന്റ് ജോസഫ്സ് പള്ളി സഹവികാരി ഫാ. ജോസ് മേരിദാസന്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും കൊടിയിറക്കും സ്നേഹവിരുന്നും.
തിരുനാളിനോടനുബന്ധിച്ച് എട്ടിന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വെണ്മണി സെന്റ് ജോസഫ് പള്ളിയില്‍നിന്ന് കൊഴുവല്ലൂര്‍ ലിറ്റില്‍ ഫ്ലവര്‍ പള്ളിയിലേക്ക് തിരുനാള്‍ വിളംബര റാലി നടക്കും.
വിവിധ ദിവസങ്ങളിലായി ഇടവക ബിഇസി യൂണിറ്റുകള്‍, യുവജനങ്ങള്‍, വിശ്വാസപരിശീലന വിഭാഗം, ലിറ്റില്‍ ഫ്ലവര്‍ തിരുനാള്‍ സംഘം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് വികാരി ഫാ. സഹായ റൂബിന്‍സ്, ഇടവക ഭാരവാഹികള്‍, തിരുനാള്‍ കണ്‍വീനര്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.