സനോജിന്റെ വീടിന് എണ്ണപ്പാറ ഇടവക വികാരി ഫാ. ജോയ്സ് കാരിക്കാത്തടം കട്ടിള വയ്ക്കുന്നു.
എണ്ണപ്പാറ: സനോജിന്റെ സ്വപ്നവീടൊരുങ്ങുന്നു. പേരിയ ജംഗ്ഷനില്‍ നിര്‍മിക്കുന്ന വീടിന് സനോജിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ എണ്ണപ്പാറ ഹോളിസ്പിരിറ്റ് ഇടവകയിലെ ഫാ.ജോയ്സ് കാരിക്കാത്തടമാണ് കട്ടിള വച്ചത്. രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, ശുചിമുറികള്‍ തുടങ്ങി ഭിന്നശേഷി സൗഹൃദമായി രൂപകല്‍പ്പന ചെയ്ത വീടിന് 15 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. നിര്‍മാണകമ്മിറ്റി രക്ഷാധികാരി പനങ്ങാട് നാരായണന് നായര്‍, ശ്രീജന് പേരിയ, കുഞ്ഞിക്കണ്ണന് പുളിയലൊച്ചി, ഗോപി പേരിയ എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മാണജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരപരിക്കേറ്റ് കഴിഞ്ഞ ഏഴുവര്‍ഷമായി അരയ്ക്കുതാഴെ തളര്‍ന്നു കിടപ്പിലായ എണ്ണപ്പാറ പേരിയയിലെ സനോജ് റോഡ് സൗകര്യമില്ലാത്ത മലയടിവാരത്തില്‍ പ്രായമായ അമ്മയും ഭാര്യയ്ക്കുമൊപ്പം അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടില്‍ ഒറ്റപ്പെട്ടിടത്തായിരുന്നു താമസം. ബാഹ്യലോകവുമായി ബന്ധപ്പടാന്‍ മാര്‍ഗമില്ലാതെ വിഷമിച്ച സനോജിന് ഗതാഗത സൗകര്യമുള്ള ഒരിടത്ത് സ്വന്തമായി ഒരു വീട് എന്നത് ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നു.
പേരിയ ടൗണില്‍ ബസ്റോഡിനടുത്ത് വീടുനിര്‍മിക്കാന്‍ പേരിയയിലെ ഉദാരമതികളായ ഒരുകുടുംബം ലക്ഷങ്ങള്‍ വിലവരുന്ന അഞ്ചുസെന്റ് സ്ഥലം സൗജന്യമായി രജിസ്റ്റര്‍ ചെയ്തു നല്‍കുകയായിരുന്നു. അതുമനസിലാക്കി പേരിയയിലെ പൊതുപ്രവര്‍ത്തകനായ പനങ്ങാട് നാരായണന്‍നായരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും വിവിധ ആരാധനാലയങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഹകരണത്തോടെ ജനകീയ ഭവനനിര്‍മാണ കമ്മിറ്റി രൂപീകരിച്ചത്.
കല്ലും സിമന്റും തുടങ്ങി ഓരോ സാധനസാമഗ്രികളും ഉദാരമതികള്‍ എത്തിച്ചുനല്‍കി. വീടിന്റെ തറ നിര്‍മാണം എണ്ണപ്പാറ ഹോളി സ്പിരിറ്റ് ഇടവകയുടെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്.
വീടുപണി നിർമാണത്തിന് സഹായം തേടി കേരള ബാങ്കിന്റെ ഇരിയ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 178110 801200100. ഐഎഫ്എ : KSBK0001781.