മാലിന്യം കെട്ടിക്കിടക്കുന്നു
നെടുമങ്ങാട്: റവന്യൂ ടവറിനു പിന്നിൽ ശുചിമുറി മാലിന്യ പൈപ്പ് പൊട്ടിയൊലിക്കുന്നതു പൊതുജനങ്ങളെയും വ്യാപാരികളേയും ദുരിതത്തിലാക്കുന്നു. റവന്യൂ ടവറിനു സമീപത്തു കോടതിയും ട്രഷറിയും വില്ലേജ് ഓഫീസും എൽപി സ്കൂളും പ്രവർത്തിക്കുന്നുണ്ട്.
സദാസമയവും ആളുകൾ തിങ്ങിനിറയുന്ന ഇത്രയും പ്രധാനപ്പെട്ട സ്ഥലത്തു ഗുരുതരമായ പ്രശ്നമുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണുള്ളത്. എൽപിഎസിലെ കൊച്ചുകുട്ടികളും കോടതിയിലേക്ക് എത്തുന്ന നൂറുകണക്കിനു വ്യവഹാരികളും വിവിധ ഓഫിസുകളിലെത്തുന്ന സാധാരണക്കാരുമാണ് ദിവസേന ഈ ദുരിതംപേറുന്നത്. ഓഫിസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുപോലും ഇവിടെ ഇരിക്കാനാകാത്ത അവസ്ഥയാണ്. മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം പ്രദേശത്തെ കച്ചവടം പൂർണമായി നിലച്ചു. ദുർഗന്ധംമൂലം ഉപഭോക്താക്കൾ കടകളിലേക്ക് കയറാൻ മടിക്കുന്നത് വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സ്കൂളിനും കോടതിക്കും സമീപം മാലിന്യം കവിഞ്ഞൊഴുകുന്നത് പകർച്ചവ്യാധികൾ പടരുമോയെന്ന ഭീതിയും ഉയർത്തിയിരിക്കുന്നു. പൊട്ടിക്കിടക്കുന്ന മാലിന്യ പൈപ്പ് അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും കെട്ടിടവും പരിസരവും അണുവിമുക്തമാക്കി ശുചീകരിക്കണമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.