കണ്ണൂർ: കലാലയങ്ങളെ ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും താവളമാക്കി മാറ്റുന്ന എസ്എഫ്ഐയുടെ ഇരട്ടത്താപ്പിനെതിരേയും അക്രമ രാഷ്ട്രീയത്തിനെതിരേയും വിദ്യാർഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് കെ.എം. അഭിജിത്ത് എംഎൽഎ. രക്തസാക്ഷി കെ.പി. സജിത്ത്ലാൽ അനുസ്മരണത്തോടനുബന്ധിച്ച് കെഎസ്യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ സംഘടിപ്പിച്ച വിദ്യാർഥി റാലിയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും അക്രമത്തിന്റേയും ക്രിമിനലിസത്തിന്റേയും വക്താക്കളായാണ് എസ്എഫ്ഐ കാമ്പസുകളിൽ പ്രവർത്തിച്ചിട്ടുള്ളതെന്ന് കെ.എം. അഭിജിത്ത് ചൂണ്ടിക്കാട്ടി.
ഡിസിസി ജനറൽ സെക്രട്ടറി പി.കെ. സതീശൻ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് പതാക കൈമാറി. അനുസ്മരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗണിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത വമ്പിച്ച അനുസ്മരണ റാലിയും നടന്നു.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അധ്യക്ഷത വഹിച്ചു. മിവ ജോളി, ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കരൻ, ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, അമൽ തോമസ്, രാഗേഷ് ബാലൻ, അർജുൻ കോറോം, അക്ഷയ് മാട്ടൂൽ, അനഘ കുന്നോൽ, സി.എച്ച്. മുബാസ് എന്നിവർ പ്രസംഗിച്ചു.