ചെങ്ങന്നൂർ: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂരിന്റെ ഭാവി, കേരളത്തിന്റെ ഭാവി എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡോ. ശശി തരൂർ എംപി സംവാദത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പുത്തൻകാവ് മുതൽ മുളക്കുഴ സിസി പ്ലാസ വരെ റോഡ് ഷോയും നടത്തി.
ചെങ്ങന്നൂർ മുളക്കുഴ സിസി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയ പൗരപ്രമുഖരും പ്രവാസികളും വിദ്യാർഥികളും പങ്കെടുത്തു. സംവാദത്തിൽ ഡോ. ശശി തരൂർ എംപി പ്രസംഗിച്ചു.
ചെങ്ങന്നൂരിന്റെ ശബ്ദം നിയമസഭയിൽ കേൾപ്പിക്കാൻ കഴിവുള്ള സ്ഥാനാർഥിയാണ് എബി കുര്യാക്കോസെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിലെ കുറവുകളും തെറ്റുകളും മാറ്റാൻ എബി കുര്യാക്കോസ് വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക രംഗത്ത് കേരളത്തെ പിന്നിലാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾക്ക് പലിശരഹിത വായ്പ, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.