ദുരന്തനിവാരണ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.
കൽപ്പറ്റ: മഴക്കാല ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ഉപകരണങ്ങൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുടെ സേഫ് വിത്തിൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ സേനാംഗങ്ങൾക്കും സന്നദ്ധ രക്ഷാപ്രവർത്തകർക്കുമാണ് ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സുരക്ഷാ ഉപകരണങ്ങൾ കൈമാറിയത്.
ഗംബൂട്ട്, റിഫ്ളക്ടർ ജാക്കറ്റ്, റെയിൻകോട്ട്, സുരക്ഷാ ഹെൽമറ്റ്, റോപ്പ്, ഗ്ലൗസ്, ലൈഫ് ബോയി, സ്ട്രെച്ചർ, ലൈഫ് ജാക്കറ്റ്, ഹെഡ്ലൈറ്റ്, എമർജൻസി ലൈറ്റ്, പവർ ബാങ്ക്, വിസിൽ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. എഡിഎം കെ. അജീഷ് ിതരണോദ്ഘാടനം നിർവഹിച്ചു. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെയും പ്രാദേശിക സമൂഹത്തിന്റെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസമയത്തെ മുൻകരുതലും സജ്ജീകരണങ്ങളുമാണ് ജീവൻ രക്ഷിക്കുന്നതിലെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ വർഗീസ് കുര്യൻ, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഐഎജി കണ്‍വീനറും ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. ഡേവിഡ് ആലിങ്കൽ, പ്രോജക്ട് മാനേജർ കെ.പി. ഷാജി,സേഫ് വിത്തിൻ കോഓർഡിനേറ്റർ മഞ്ജു, ശ്രേയസ് പ്രോഗ്രാം കോഓർഡിനേറ്റർ പി.കെ. മെൽന റോമിയോ എന്നിവർ പ്രസംഗിച്ചു.
Tags : disaster relief NattuVishasham DistrictNews